ചെന്നൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ രൂക്ഷ വിമര്‍ശവുമായി മുന്‍ ഇംഗ്ലീഷ്താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അമ്പയര്‍ നിതിന്‍ മേനോനോട് മോശമായി പെരുമാറിയ കോലിക്ക് മൂന്ന് ടെസ്റ്റിലെങ്കിലും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഡെയ്‌ലി മെയിലില്‍ എഴുതിയ കോളത്തില്‍ ലോയ്ഡ് ആവശ്യപ്പെട്ടു.

ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിനെതിരായ ഇന്ത്യയുടെ അപ്പീല്‍ അമ്പയര്‍ മേനോന്‍ തള്ളിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നമാണ് ഇതിന് ആധാരം. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ റൂട്ട് എല്‍.ബി ഡബ്ല്യു ആയെന്നായിരുന്നു ഇന്ത്യയുടെ അപ്പീല്‍. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഇക്കാര്യത്തില്‍ സംശയം ഒട്ടുമുണ്ടായിരുന്നില്ല. എന്നാല്‍, അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് റിവ്യു നല്‍കുകയായിരുന്നു. റീപ്ലേയില്‍ പന്ത് ലൈനില്‍ റൂട്ടിന്റെ പാഡില്‍ ഉരസുന്നതായി കാണുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് ക്ഷുഭിതനായ കോലി പരസ്യമായി തന്നെ തന്റെ നീരസം അമ്പയറോട് പ്രകടിപ്പിച്ചു. ഇരുവരും തമ്മില്‍ അല്‍പനേരം നീണ്ടുനിന്ന വാഗ്വാദവും നടന്നു.

ഈ സംഭവമാണ് ഇംഗ്ലീഷുകാരന്‍ കൂടയായ ലോയ്ഡിനെ ചൊടിപ്പിച്ചത്. വേറെ ഏതെങ്കിലും ഒരു കളിയില്‍ ആയിരുന്നെങ്കില്‍ ഇത്തരമൊരു പെരുമാറ്റത്തിന് കോലിയെ അപ്പോള്‍ തന്നെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുമായിരുന്നു. ഈ കാരണം കൊണ്ടുതന്നെ അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ കോലിയെ കളിപ്പിക്കരുത്. എന്തു കൊണ്ടാണ് ഈ വിഷയത്തില്‍ കോലിക്കെതിരേ അച്ചടക്കനടപടി ഒന്നും ഉണ്ടാവാതിരുന്നത്. ഒരു ടീം ക്യാപ്റ്റന് പിച്ചില്‍ വച്ച് അമ്പയറെ ശകാരിക്കാനും ഭീഷണിപ്പെടുത്താനും പരിഹസിക്കാനും മാത്രം അനുവാദം നല്‍കുന്നത്രയും പഴഞ്ചനാണോ ക്രിക്കറ്റ്. ക്രിക്കറ്റിലും മഞ്ഞയും ചുവപ്പും കാര്‍ഡ് ഏര്‍പ്പെടുത്തുക മാത്രമാണ് ഇതുപോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. രണ്ടാം ടെസ്റ്റിലെ സംഭവത്തിന് കോലിക്ക് നേരിട്ട് ചുവപ്പ് കാര്‍ഡ് ലഭിക്കേണ്ടതാണ്. മാച്ച് റഫറി ജവഗല്‍ ശ്രീനാഥില്‍ നിന്നും നടപടിയൊന്നും ഉണ്ടായില്ല-ലോയ്ഡ് പറഞ്ഞു.

Content Highlights: Virat Kohli Should be banned says David Lloyd Umpire Nithin Menon Second Cricket Test Chennai Root