ന്യൂഡല്‍ഹി: വീഗന്‍ ഡയറ്റ് പിന്തുടരുന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങളായ പാല്‍, തൈര്, നെയ്യ്, മത്സ്യം, മാംസം, മുട്ട എന്നിവ പൂര്‍ണമായും ഒഴിവാക്കി പച്ചക്കറികളും ഇലക്കറികളും മാത്രം ഉള്‍പ്പെടുത്തിയുള്ള ഭക്ഷണരീതിയാണ് വീഗന്‍ ഡയറ്റ്. അമേരിക്കയില്‍ രൂപംകൊണ്ട് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് വ്യാപിച്ചു.

സെറീന വില്യംസ്, ലയണല്‍ മെസ്സി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ഈ ഡയറ്റ് പിന്തുടരുന്നവരാണ്. പ്രോട്ടീന്‍ ഷെയ്ക്കുകള്‍, ബദാം പാല്‍ തുടങ്ങിയവയെല്ലാമാണ് കോലിയുടെ ഡയറ്റിലുള്ളത്.

ഇപ്പോഴിതാ താന്‍ വീഗന്‍ ഡയറ്റിലേക്ക് മാറാനുണ്ടായ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് കോലി. മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റ് ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

''2018-ല്‍ എനിക്ക് സെര്‍വിക്കല്‍ സ്‌പൈന്‍ പ്രശ്‌നമുണ്ടായി. വിരലുകളുടെ സ്പര്‍ശനശേഷി തന്നെ നഷ്ടപ്പെട്ടിരുന്നു. എനിക്ക് ഉറങ്ങാനേ സാധിച്ചിരുന്നില്ല. ശരീരം അസിഡിക്കായിരുന്നു. എന്റെ എല്ലുകളിലെ കാത്സ്യം മുഴുവന്‍ വലിച്ചെടുക്കപ്പെടുകയായിരുന്നു. അതോടെ എല്ലുകളുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി'', കോലി പറഞ്ഞു.

''ഇതോടെ ശരീരത്തില്‍ യൂറിക്ക് ആസിഡ് കുറയ്ക്കാന്‍ ഞാന്‍ മാംസം ഒഴിവാക്കി. ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. അതിനു മുമ്പ് ഇത്രയും നന്നായി ഞാന്‍ ഉണര്‍ന്നെണീറ്റിട്ടില്ല. ആഴ്ചയില്‍ മൂന്ന് മത്സരങ്ങള്‍ വരെ കളിച്ചാലും ഒരു ദിവസം കൊണ്ടു തന്നെ എനിക്ക് ക്ഷീണമെല്ലാം മാറി തിരിച്ചുവരാന്‍ സാധിക്കുന്നു'', കോലി വ്യക്തമാക്കി.

Content Highlights: Virat Kohli shed light on him turning vegan diet