അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ മികച്ച തുടക്കം നന്നായി ആഘോഷിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ 250 റണ്‍സിന് പുറത്താക്കിയ ഓസീസിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു.

ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ ഇഷാന്ത് ശര്‍മ ആദ്യ ഓവറില്‍ തന്നെ 'സംപൂജ്യ'നായി മടക്കിയപ്പോഴായിരുന്നു ഫീല്‍ഡിലെ കോലിയുടെ ഭീകരമായ ആഘോഷം. മൂന്നു പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്‌സിനൊടുവില്‍ ഇഷാന്തിന്റെ പന്തില്‍ ഫിഞ്ചിന്റെ കുറ്റി തെറിച്ചു. വിക്കറ്റ് വീണതോടെ അലറിവിളിച്ചെത്തിയ കോലി, വായുവില്‍ മുഷ്ടി ചുരുട്ടി അടിക്കുന്നതും കാണാമായിരുന്നു. 

പിന്നീട് നിലയുറപ്പിക്കാന്‍ സാധിക്കാതെ ഓരോ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ മടങ്ങുമ്പോഴും കോലി തന്റെ അമിത ആഘോഷം തുടര്‍ന്നു. പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിന്റെ വിക്കറ്റ് വീണപ്പോള്‍ കോലി രോഷാകുലനാകുന്നതും കാണാമായിരുന്നു. കോലിയുടെ ഈ ആഘോഷങ്ങള്‍ സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചു കാണിക്കുന്നുണ്ടായിരുന്നു.

ഇന്ത്യയെ 250 റണ്‍സിനു പുറത്താക്കിയ ഓസീസ് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലാണ്. 127 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമായ ഓസീസിന്, ട്രാവിസ് ഹെഡ് പൊരുതി നേടിയ അര്‍ധസെഞ്ചുറിയാണ് തുണയായത്. മൂന്നു വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാള്‍ 59 റണ്‍സ് പിന്നിലാണ് ഓസീസ്.

Content Highlights: virat kohli sets adelaide alight with fiery celebration as ishant sharma dismisses aaron finch