മുംബൈ: വിവാഹത്തിരക്കുകള്‍ക്ക് ശേഷം വിരാട് കോലി ക്രിക്കറ്റില്‍ സജീവമാകുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് മുന്നിലുള്ള ആദ്യ ദൗത്യം. ചൊവ്വാഴ്ച്ച നടന്ന വിവാഹ വിരുന്നിന് ശേഷം കോലി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോലി പങ്കെടുത്തു.

വിവാഹം ജീവിതത്തിലെ മനോഹരാമയ നിമിഷമായിരുന്നുവെന്നും മൂന്നാഴ്ച്ച മുമ്പ് തന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പരിശീലനം തുടങ്ങിയിരുന്നുവെന്നും കോലി വ്യക്തമാക്കി.

വിദേശ പിച്ചില്‍ വിജയിക്കണമെങ്കില്‍ ദീര്‍ഘകാലം ക്രിക്കറ്റ് കളിക്കണം. വിജയിക്കാനുള്ള വിശപ്പ് ഇപ്പോഴും അതു പോലെത്തന്നെയുണ്ട്. കഴിഞ്ഞ പ്രാവശ്യത്തെ പരാജയം ഇത്തവണ ആവര്‍ത്തിക്കരുത്. കോലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ജനുവരി അഞ്ചിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തുടങ്ങുന്നത്. മൂന്നു ടെസ്റ്റും ആറ് ഏകദിനങ്ങളും മൂന്ന് ടിട്വന്റിയുമാണ് പരമ്പരയിലുള്ളത്. വിരാട് കോലിക്കൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ അനുഷ്‌കയും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ഒരാഴ്ച്ച ദക്ഷിണാഫ്രിക്കയില്‍ ചിലവഴിച്ച ശേഷം ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അനുഷ്‌ക മുംബൈയിലെത്തും.

Content Highlights: Virat Kohli Says Marriage Was A Special Moment But Preparing For South Africa Too For Three Weeks