Photo: AP
ലണ്ടന്‍: 13 വര്‍ഷത്തിലേറെ നീണ്ട തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇന്ത്യന്‍ താരം വിരാട് കോലി ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 2019 നവംബര്‍ 23-ന് ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനു ശേഷം കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ടില്ല. 964 ദിവസങ്ങളും 77 ഇന്നിങ്സുകളും ഇതിനിടെ കടന്നുപോയി പക്ഷേ മൂന്നക്കം കടക്കുക എന്നത് കോലിക്ക് ഇപ്പോള്‍ ബാലികേറാമല പോലെയായിരിക്കുന്നു. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും കോലിയുടെ ഫോം മെച്ചപ്പെടുന്നില്ല. കളിച്ച രണ്ട് ട്വന്റി 20-കളിലും കോലി പരാജയമായിരുന്നു. 1, 11 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍. പിന്നാലെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നേടാനായത് 16 റണ്‍സും.
കരിയറിലെ ഈ വിഷമഘട്ടത്തില്‍ കോലിക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസമും അക്കൂട്ടത്തിലുണ്ടായിരുന്നു. 'ഇതും കടന്നുപോകും, കരുത്തനായിരിക്കൂ' എന്നായിരുന്നു കോലിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ബാബര്‍ ട്വീറ്റ് ചെയ്തത്. ഇപ്പോഴിതാ ബാബറിന്റെ ട്വീറ്റിന് കോലി മറുപടി നല്‍കിയിരിക്കുകയാണ്.
'നന്ദി. തിളങ്ങുകയും ഉയരുകയും ചെയ്യുക. നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു' എന്നാണ് കോലി, ബാബറിന് മറുപടിയായി ട്വീറ്റ് ചെയ്തത്. കോലിയുടെ മറുപടി വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇന്ത്യയിലെയും പാകിസ്താനിലെയും ആരാധകര്‍ ഈ ട്വീറ്റ് വ്യാപകമായി പങ്കുവെയ്ക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..