സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനടയില്‍ ആരാധകര്‍ക്ക് ആവേശമൊരുക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയുമായി ക്രീസില്‍ നേര്‍ക്കുനേര്‍ പോരാടിയാണ് കോലി ആവേശം വിതറയിത്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കുന്നുവെന്ന വിമര്‍ശനത്തിനുള്ള മറുപടി കൂടിയായിരുന്നു അത്. മത്സരത്തിന്റെ എട്ടാം ഓവറില്‍ റബാദയുടെ ബൗണ്‍സര്‍ കോലിയുടെ വയറില്‍ കൊണ്ടതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

റബാദയുടെ പന്തില്‍ പുള്‍ഷോട്ടിന് ശ്രമിച്ച കോലിയുടെ ശ്രമം ബാറ്റില്‍തട്ടി വയറില്‍ കൊള്ളുകയായിരുന്നു. കോലി ഷോട്ട് മിസ്സാക്കിയതോടെ ആ സന്തോഷം റബാദ മറച്ചുവെച്ചില്ല. ചിരിച്ചാണ് റബാദ ആ പന്ത് ആഘോഷിച്ചത്. കമന്ററി ബോക്‌സിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഷോണ്‍ പൊള്ളോക്ക് റബാദയെ അനുകൂലിച്ചുള്ള നിലപാടെടുക്കുകയും ചെയ്തു. റബാദ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും അതുകൊണ്ട് അക്രമണോത്സുകനാകുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു പൊള്ളോക്കിന്റെ കമന്ററി. 

എന്നാല്‍ ഇതിനെല്ലാമുള്ള മറുപടി കോലി അടുത്ത പന്തിലൂടെ നല്‍കി. കിടിലന്‍ പുള്‍ഷോട്ടിലൂടെ റബാദയുടെ ബൗണ്‍സര്‍ അതിര്‍ത്തി കടത്തി കോലി  ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബൗണ്‍സറുകളെ പേടിക്കുന്നവരല്ല ഇന്ത്യന്‍ താരങ്ങള്‍ എന്ന് വ്യക്തമാക്കുന്നതായിരുന്നു കോലിയുടെ ആ സിക്‌സ്.

Content Highlights: Virat Kohli's perfect reply after being hit on ribs by Kagiso Rabada