ക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഉപേക്ഷിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോലി. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് കോലി ഈ തീരുമാനം അറിയിച്ചത്.

കോലി സ്വന്തമായി എടുത്ത തീരുമാനമാണിതെന്നും ബി.സി.സി.ഐ കോലിയോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ നായകസ്ഥാനം നഷ്ടമായേക്കുമെന്ന് കോലിയ്ക്ക് നേരത്തേ അറിയാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ട്വന്റി 20 യില്‍ മികച്ച റെക്കോഡുണ്ടെങ്കിലും നായകനെന്ന നിലയില്‍ താരത്തിന് വലിയൊരു കിരീടം ഇതുവരെ നേടാനായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബാറ്റിങ്ങിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിനുവേണ്ടിയാണ് കോലി നായകസ്ഥാനം ഉപേക്ഷിക്കുന്നത്. ഈയിടെയായി കോലി മികച്ച ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ട്. സ്ഥിരമായി സെഞ്ചുറി നേടിയിരുന്ന താരം 2019 ന് ശേഷം മൂന്നക്കം കണ്ടിട്ടില്ല. 

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് വിജയിച്ച് നായകസ്ഥാനത്തുനിന്ന് പിന്മാറാനാണ് കോലി ആഗ്രഹിക്കുന്നത്. എന്നാല്‍ ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ കോലി തന്നെ നയിക്കും. 

കോലി രാജി വെയ്ക്കുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മയാകും ഇന്ത്യയുടെ ട്വന്റി 20 ടീം നായകന്‍. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നിരവധി തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ഇന്ത്യയെ 19 മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട്. 

Content Highlights: Virat Kohli's decision to step down completely his own, BCCI didn't ask him to relinquish captaincy