Photo by Ryan Pierse|Getty Images
അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റണ്ണൗട്ടിനെചൊല്ലി വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍.
ഇല്ലാത്ത റണ്ണിനായി കോലിയെ ക്ഷണിച്ച രഹാനെയാണ് കോലി പുറത്തായതിന് കാരണമെന്നാണ് വിമര്‍ശനങ്ങള്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെന്ന സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യയ്ക്ക് ആ ആധിപത്യം നഷ്ടമായത് കോലിയുടെ പുറത്താകലോടെയായിരുന്നു. ഇതോടെയാണ് കോലി പുറത്താകാന്‍ കാരണമായ രഹാനെയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ രഹാനെയ്‌ക്കെതിരേ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഒന്നാം ദിനത്തില്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ എറിഞ്ഞ 77-ാം ഓവറിലാണ് കോലി റണ്ണൗട്ടാകുന്നത്. മിഡ് ഓഫിലേക്ക് പന്തടിച്ച രഹാനെ റണ്ണിനായി മുന്നോട്ടു കുതിച്ചു. ഇതു കണ്ട് റണ്ണിന് അവസരമുണ്ടെന്ന് കരുതി കോലിയും മുന്നോട്ടോടി. എന്നാല്‍ പന്ത് ഹെയ്‌സല്‍വുഡിനടുത്തേക്ക് പോകുന്നത് കണ്ട രഹാനെ ഓട്ടം മതിയാക്കി കോലിയെ തിരിച്ചയച്ചു. പക്ഷേ അപ്പോഴേക്കും ഹെയ്‌സല്‍വുഡിന്റെ ത്രോയില്‍ ലയണ്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് ഇളക്കിയിരുന്നു.
180 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 74 റണ്‍സായിരുന്നു പുറത്താകുന്ന സമയത്ത് കോലിയുടെ സമ്പാദ്യം.
Content Highlights: Virat Kohli run out after horrible mix up with Ajinkya Rahane
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..