ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഏറ്റവും മനോഹരമായ നിമിഷം ഏതാണെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ആരാധകര്‍ക്കുണ്ടാകൂ. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറി ആഘോഷം തന്നെയാകും അത്. ഗ്രൗണ്ടില്‍ അക്രമണോത്സുകതയ്ക്ക് പേരുകേട്ട കോലി ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ഏകദിന സെഞ്ചുറി തന്റെ സ്റ്റൈലില്‍ തന്നെ ആഘോഷിച്ചു.

എന്തിനായിരുന്നു ഇങ്ങനെയൊരു ആഘോഷമെന്ന് മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെ വ്യക്തമാക്കി. ' ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ഞാനൊരു ഏകദിന സെഞ്ചുറി നേടിയിട്ടില്ല. നിങ്ങള്‍ മത്സരത്തില്‍ വിജയിക്കാന്‍ പോകുന്നു, ഒപ്പം ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ഒരു സെഞ്ചുറി നേടാന്‍ പോകുന്നു. ഇത് എത്രത്തോളം പ്രത്യേകതയുള്ളതാണെന്ന് അപ്പോള്‍ തന്നെ മനസ്സിലായില്ലേ? ദക്ഷിണാഫ്രിക്കയില്‍ കളിച്ച് വിജയിക്കാനുറച്ചാണ് ഞങ്ങള്‍ വന്നത്. ടെസ്റ്റില്‍ തോറ്റ നിരാശ മായ്ക്കാന്‍ ഏകദിനത്തില്‍ വിജയിച്ചു തുടങ്ങല്‍ അത്യാവശ്യമായിരുന്നു. അത് അങ്ങനെത്തന്നെ സംഭവിച്ചു. സെഞ്ചുറിയടിച്ചപ്പോള്‍ എനിക്ക് മാത്രമല്ല, മുഴുവന്‍ ടീമിനും അതു നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. അതുകൊണ്ട് തന്നെ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഈ നിമിഷങ്ങള്‍ നമ്മള്‍ ആഘോഷിക്കുക തന്നെ വേണം' കോലി മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ഷോണ്‍ പോളോക്കിന്റെ ചോദ്യത്തിന് ഉത്തരം നല്‍കി.

ഡര്‍ബനിലെ ഏകദിനത്തിന് മുമ്പ് ദ്ക്ഷിണാഫ്രിക്കയില്‍ 11 ഏകദിനങ്ങള്‍ കളിച്ച കോലി 319 റണ്‍സാണ് അടിച്ചെടുത്തത്. അതില്‍ മൂന്നു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. ഡര്‍ബനിലെ ആ സെഞ്ചുറിയോടെ കളിച്ച വിദേശ രാജ്യങ്ങളിലെല്ലാം സെഞ്ചുറി അടിച്ചുവെന്ന നേട്ടവും കോലി സ്വന്തമാക്കി.

troll

Content Highlights: Virat Kohli reveals the reason behind his ultra aggressive celebration in Durban