Photo: AFP
മുംബൈ: രോഹിത് ശര്‍മയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് വ്യക്തമാക്കി വിരാട് കോലി. ബുധനാഴ്ച്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോലി ഇക്കാര്യം സംബന്ധിച്ച വിശദീകരണവുമായി രംഗത്തെത്തിയത്.
ഡിസംബര്‍ 26-ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി.
2019-ലെ ലോകകപ്പില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതിനു പിന്നാലെ ഈയിടെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് കോലിയെ നീക്കി ബിസിസിഐ രോഹിത് ശര്‍മയെ പകരം നിയമിച്ചിരുന്നു. ഇതിനു ശേഷവും ഇരുവരും തമ്മില്‍ സ്പര്ധയിലാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ കോലി തന്നെ വ്യക്തത വരുത്തിയിരിക്കുന്നത്.
''ഞാനും രോഹിതും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇക്കാര്യം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് പറഞ്ഞ് പറഞ്ഞ് ഞാന്‍ മടുത്തു. വീണ്ടും വീണ്ടും ഇതേ ചോദ്യം തന്നെ എന്നോട് ആവര്‍ത്തിക്കുകയാണ്. ഒരു കാര്യം ഞാന്‍ ഉറപ്പുതരുന്നു, ക്രിക്കറ്റില്‍ സജീവമായിരിക്കുന്ന കാലത്തോളം ടീമിനെ തളര്‍ത്തുന്ന ഒരു പ്രവൃത്തിയും എന്റെ ഭാഗത്തു നിന്നുണ്ടാകില്ല.'' - കോലി വ്യക്തമാക്കി.
ശരിയായ ദിശയിലേക്ക് ടീമിനെ നയിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തം. കളിയുടെ ആസൂത്രണങ്ങള്‍ നന്നായി വശമുള്ള, മികച്ച ക്യാപ്റ്റനാണ് രോഹിത്. പരിശീലകന് രാഹുല്‍ ദ്രാവിഡുമൊത്ത് രോഹിത് ടീമിനെ മികച്ച നിലയില്‍ എത്തിക്കുമെന്ന് ഉറപ്പുണ്ട്. ഇരുവര്‍ക്കും തന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും കോലി കൂട്ടിച്ചേര്‍ത്തു.
Content Highlights: virat kohli reiterated that he has no problem with rohit sharma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..