അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിഷാദരോഗം പിടിപെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. 2014-ല്‍ നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് താരത്തിന് വിഷാദരോഗം പിടിപെട്ടത്.
ഒരു സ്വകാര്യ ചാനലിനായുള്ള അഭിമുഖത്തിനിടെ മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് നിക്കോളാസിനോടാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. 'ഇംഗ്ലണ്ടിനെതിരായ ആ പരമ്പരയില്‍ മാനസികമായി ഞാനേറെ തളര്‍ന്നിരുന്നു. എനിക്ക് പരമ്പരയില്‍ തീരെ തിളങ്ങാനായില്ല. ഈ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്‍ ഞാനാണെന്നുവരെ എനിക്ക് തോന്നി. പക്ഷേ അതിനുശേഷം ഞാന്‍ പൂര്‍വാധികം ശക്തിയോടെ മത്സരത്തിലേക്ക് തിരിച്ചുവന്നു' -കോലി വ്യക്തമാക്കി
2014-ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് കോലി കളിച്ചത്. പത്ത് ഇന്നിങ്‌സുകളില്‍ നിന്നും താരത്തിന്റെ ബാറ്റിങ് ശരാശരി വെറും 13.40 മാത്രമാണ്. 1, 8, 25, 0, 39, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സുകള്‍.
ആ പരമ്പരയ്ക്ക് ശേഷം അവിശ്വസനീയമായി മത്സരത്തിലേക്ക് തിരിച്ചുവന്ന കോലി ക്രിക്കറ്റിലെ മൂന്നൂഫോര്‍മാറ്റിലും ലോക ഒന്നാം നമ്പര്‍ താരമായി വളര്‍ന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനായി തയ്യാറെടുക്കുകയാണ് കോലി.
Content Highlights: Virat Kohli Reflects On Battling Depression During 2014 England Tour