2011 ലോകകപ്പ് കിരീടവുമായി ഇന്ത്യൻ ടീം | Photo: Reuters
2011-ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ ക്രിക്കറ്റ് ടീം വിശ്വകിരീടം വിണ്ണിലേക്കുയര്‍ത്തിയത് ആരാധകരുടെ മനസ്സില്‍ ഇപ്പോഴും സിനിമയിലെ ഒരു സീന്‍ പോലെ മിന്നിമായുന്നുണ്ടാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഇന്ത്യന്‍ ടീം നല്‍കിയ ആ സമ്മാനത്തിന് 11 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായി പിന്നീട് വളര്‍ന്ന വിരാട് കോലി അന്നു 22-കാരനായ ഒരു പയ്യനായിരുന്നു. സൂപ്പര്‍ സ്റ്റാറിന്റെ താരാലങ്കാരങ്ങളൊന്നുമില്ലാതിരുന്ന കോലി അന്നത്തെ ആ മനോഹര നിമിഷത്തെ കുറിച്ച് മനസ്സു തുറന്നു.
ശ്രീലങ്കയ്‌ക്കെതിരേ 275 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തില്‍തന്നെ ലസിത് മലിംഗ തളര്‍ത്തി. നാലാമനായി കോലി ക്രീസിലേക്കെത്തുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന ദയനീയമായ അവസ്ഥയിലായിരുന്നു.
അന്ന് സച്ചിന്‍ 18 റണ്‍സെടുത്ത് ക്രീസ് വിടുമ്പോഴാണ് കോലി ഗ്രൗണ്ടിലേക്കിറങ്ങിയത്. ആ സമയത്ത് സച്ചിന്‍ നല്‍കിയ വിലപ്പെട്ട ഉപദേശത്തെ കുറിച്ച് കോലി മനസ്സുതുറന്നു. ക്രീസില്‍ നിലയുറപ്പിച്ച് കൂട്ടുകെട്ട് പടുത്തുയര്‍ത്തൂ എന്നാണ് കോലിയോട് സച്ചിന്‍ പറഞ്ഞത്.
'വളരെയധികം സമ്മര്‍ദ്ദത്തോടെയാണ് ഞാന്‍ ഗ്രൗണ്ടിലേക്കിറങ്ങിയത്. ആ സമയത്ത് സച്ചിനും സെവാഗും പുറത്തായിരുന്നു. ഞാന്‍ ഇറങ്ങിയപ്പോള്‍ സച്ചിന്‍ എന്നോട് 'കൂട്ടുകെട്ട് പടുത്തുയര്‍ത്തൂ' എന്നു പറഞ്ഞു. ഞങ്ങള്‍ അതു അനുസരിച്ചു. ഞാനും ഗംഭീറും നിലയുറപ്പിടച്ചു. 83 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ 35 റണ്‍സ് നേടി. എന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട റണ്‍സായിരുന്നു അത്. ഇന്ത്യയെ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിച്ചതില്‍ എനിക്ക് വളരെ സന്തോഷം തോന്നി. എനിക്ക് കഴിയാവുന്ന തരത്തില്‍ ടീമിനെ സഹായിക്കാനും കഴിഞ്ഞു.' ഐപിഎല്ലിലെ തന്റെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നല്‍കിയ അഭിമുഖത്തില്‍ കോലി പറയുന്നു. അന്നു രാത്രി വാംഖഡെ സ്റ്റേഡിയത്തില്‍ ഉയര്‍ന്ന 'വന്ദേ മാതരം' വിളികള്‍ ഇപ്പോഴും കാതില്‍ അലയടിക്കുന്നുവെന്നും കോലി കൂട്ടിച്ചേര്‍ത്തു.
അന്ന് ഗൗതം ഗംഭീറും വിരാട് കോലിയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 83 റണ്‍സ് കൂട്ടുകെട്ടാണ് മുങ്ങിപ്പോകുമായിരുന്ന ഇന്ത്യയെ കൈപ്പിടിച്ചുയര്‍ത്തിയത്. 79 പന്തില്‍ 91 റണ്‍സ് അടിച്ച എംഎസ് ധോനി സിക്‌സറിലേക്ക് പന്ത് പായിച്ച് ഇന്ത്യക്ക് വിജയം സമ്മാനിച്ചപ്പോള്‍ അതിന് പിന്‍ബലമായി കോലിയുടേയും 97 റണ്‍സ് നേടിയ ഗംഭീറിന്റേയും കഠിനധ്വാനമുണ്ടായിരുന്നു.
Content Highlights: Virat Kohli recalls 2011 World Cup final triumph Sachin Tendulkar paaji told me to build a partners
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..