അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലെ തകര്‍പ്പന്‍ ഫോമിന്റെ കരുത്തില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ 3000 തികയ്ക്കുന്ന താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 

രണ്ടാം മത്സരത്തിനിറങ്ങും മുന്‍പ് കോലിയ്ക്ക് 3000 തികയ്ക്കാന്‍ 72 റണ്‍സ് ആവശ്യമായിരുന്നു. മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്നും 73 റണ്‍സെടുത്ത് പുറത്താവാതെ നിന്ന കോലി റെക്കോഡ് സ്വന്തമാക്കി ഇന്ത്യയെ വിജയത്തിലെത്തിച്ചു. 

വെറും 87 മത്സരങ്ങളില്‍ നിന്നും 50.86 ശരാശരിയിലാണ് കോലി 3000 റണ്‍സ് എടുത്തത്. 99 മത്സരങ്ങളില്‍ നിന്നും 2839 റണ്‍സ് നേടിയ ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലാണ് പട്ടികയില്‍ രണ്ടാമത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ 2773 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. കുറച്ചുകാലമായി ഫോം ഔട്ടായിരുന്ന കോലി മത്സരത്തിലൂടെ വലിയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ ടീമിന് ഏറെ ആശ്വാസം പകര്‍ന്നു.

Content Highlights: Virat Kohli reaches huge milestone, becomes first player to score 3000 runs in T20Is