മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ പേസര്‍ മുഹമ്മദ് സിറാജ് ഉണ്ടാകുമോ? ടീമുമായി അടുത്ത വൃത്തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കാത്ത ഈ ചോദ്യത്തിന്റെ ഉത്തരം സിറാജ് ഇന്ത്യന്‍ നിരയില്‍ ഉണ്ടാകും എന്നതാണ്. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും തമ്മിലുള്ള രഹസ്യ സംഭാഷണം ചോര്‍ന്നതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുമ്പ് ക്യാപ്റ്റന്റെയും കോച്ചിന്റെയും വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനമുണ്ടായിരുന്നു. മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് ഇരുവരും ഓണ്‍ലൈനായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇതിനിടെ ചര്‍ച്ച ലൈവ് ആയത് ശ്രദ്ധിക്കാതെ കോലി ശാസ്ത്രിയോട് പറഞ്ഞ കാര്യം ഇതോടെ പരസ്യമായി. വൈകാതെ ഇത് സോഷ്യല്‍ മീഡിയയിലും വൈറലായി. 

മുഹമ്മദ് ഷമിയേയും സിറാജിനെയും റൗണ്ട് ദ് വിക്കറ്റ് ബൗള്‍ ചെയ്യിക്കാമെന്ന് കോലി ശാസ്ത്രിയോട് പറയുന്നു സംഭാഷണമാണ് പുറത്തായത്.

Content Highlights: Virat Kohli Ravi Shastri audio clip leaked