Photo: AFP
അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലൂടെ റെക്കോഡ് നേടാനൊരുങ്ങി ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിയും ആര്‍ അശ്വിനും. ഈ ടെസ്റ്റില്‍ ഇരുവരെയും അപൂര്‍വമായ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്.
പരമ്പരയില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനാവാത്ത കോലി നാലാം ടെസ്റ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നാലാം ടെസ്റ്റില്‍ വെറും 42 റണ്‍സ് നേടിയാല്‍ കോലിയ്ക്ക് പുതിയൊരു നേട്ടത്തിലെത്താം. ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സ് നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരം എന്ന റെക്കോഡ് കോലിയ്ക്ക് സ്വന്തമാകും.
കോലിയ്ക്ക് മുന്‍പ് സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍, വിരേന്ദര്‍ സെവാഗ് എന്നിവര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. നാലാം ടെസ്റ്റില്‍ 42 റണ്‍സെടുത്താല്‍ ഇന്ത്യയില്‍ 4000 റണ്‍സ് അതിവേഗത്തില്‍ നേടുന്ന മൂന്നാമത്തെ ബാറ്ററായി കോലി മാറും. ഈ കൂട്ടത്തില്‍ ഏറ്റവും മികച്ച ബാറ്റിങ് ആവറേജ് (58) കോലിയ്ക്കാണ്.
നാലാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 10 വിക്കറ്റ് വീഴ്ത്തിയാല്‍ അശ്വിന് ചരിത്രനേട്ടം സ്വന്തമാക്കാം. 10 വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അശ്വിന്റെ വിക്കറ്റ് നേട്ടം 700 ആയി ഉയരും. നിലവില്‍ ടെസ്റ്റില്‍ 467 വിക്കറ്റും ഏകദിനത്തില്‍ 151 വിക്കറ്റും നേടിയ അശ്വിന്‍ ട്വന്റി 20 യില്‍ 72 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
മത്സരത്തില്‍ നാലുവിക്കറ്റെടുത്താല്‍ അശ്വിന് മറ്റൊരു റെക്കോഡും സ്വന്തമാക്കാം. ഓസ്‌ട്രേലിയയ്‌ക്കെതിരേ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് അശ്വിനെ കാത്തിരിക്കുന്നത്. നാല് വിക്കറ്റെടുത്താല്‍ അശ്വിന്‍ അനില്‍ കുംബ്ലെയെ മറികടന്ന് റെക്കോഡ് സ്വന്തമാക്കും കുംബ്ലെയുടെ അക്കൗണ്ടില്‍ 111 വിക്കറ്റുകളാണുള്ളത്.
Content Highlights: Virat Kohli, R Ashwin Set Sights On Historic Milestones In Ahmedabad Test
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..