മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ രോഹിത് ശര്‍മയെ മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രാജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

മത്സരത്തില്‍ 52 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്ന കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. ഇതോടെ 71 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് കോലിയുടെ റണ്‍നേട്ടം 2441 ആയി. 50.85 ശരാശരിയിലാണ് താരത്തിന്റെ റണ്‍വേട്ട. രാജ്യാന്തര ട്വന്റി 20-യില്‍ ഇതുവരെ ഒരു സെഞ്ചുറി പോലും നേടിയിട്ടില്ലാത്ത കോലിയുടെ അക്കൗണ്ടില്‍ 22 അര്‍ധ സെഞ്ചുറികളുണ്ട്. 

97 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ 2434 റണ്‍സുമായി രണ്ടാമത് നില്‍ക്കുന്നു. 32.45 റണ്‍ ശരാശരിയിലാണ് രോഹിത്തിന്റെ പ്രകടനം. രാജ്യാന്തര ട്വന്റി 20-യില്‍ നാല് സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (2283), പാക് താരം ഷുഐബ് മാലിക്ക് (2263) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

അതേസമയം അര്‍ധ സെഞ്ചുറി പിന്നിട്ടതോടെ ഇന്ത്യന്‍ നായകന്‍ മറ്റൊരു റെക്കോഡും സ്വന്തം പേരിലാക്കി. 22 അര്‍ധ സെഞ്ചുറികളോടെ രാജ്യാന്തര ട്വന്റി 20-യില്‍ കൂടുതല്‍ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരമെന്ന റെക്കോഡാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇക്കാര്യത്തിലും രോഹിത്തിനെ (21) തന്നെയാണ് കോലി മറികടന്നത്. 

മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ മറികടന്നു.

Content Highlights: Virat Kohli pips Rohit Sharma to become leading run-getter in T20