കട്ടക്ക്: കട്ടക്കില്‍ ഇതിനുമുമ്പ് കളിച്ച നാല് ഏകദിന മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് നേടിയത് വെറും 34 റണ്‍സ് മാത്രമാണ്. ആ പേരുദോഷമെല്ലാം ഞായറാഴ്ചത്തെ ഒരൊറ്റ മത്സരം കൊണ്ട് കോലി തീര്‍ത്തു.

31, 22, 1, 8 എന്നിങ്ങനെയായിരുന്നു ഞായറാഴ്ചത്തെ ഇന്നിങ്‌സിനു മുമ്പ് കട്ടക്കിലെ അവസാന നാല് ഏകദിനങ്ങളിലെ കോലിയുടെ സ്‌കോറുകള്‍. ഇതുവരെ നേരിട്ടിരുന്നത് വെറും 33 പന്തുകള്‍ മാത്രവും. ഇതെല്ലാം ഒറൊറ്റ ഇന്നിങ്‌സോടെ കോലി മായ്ച്ചുകളഞ്ഞു.

പരമ്പരയില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന കോലിയുടെ മികവിലാണ് മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ച് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്. 81 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളോടെ കോലി 85 റണ്‍സെടുത്തു.

കട്ടക്കിലെ ഇന്നിങ്‌സോടെ ഏകദിന റണ്‍നേട്ടത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിനെ മറികടന്ന് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തെത്താനും കോലിക്കായി. ഞായറാഴ്ചത്തെ ഇന്നിങ്‌സോടെ ഏകദിനത്തില്‍ കോലിയുടെ അക്കൗണ്ടില്‍ 11,609 റണ്‍സായി. 11,579 റണ്‍സോടെ കാലിസായിരുന്നു നിലവില്‍ ഏഴാം സ്ഥാനത്ത്. ലിസ്റ്റ് എയില്‍ 13000 റണ്‍സെന്ന നേട്ടവും കോലിക്ക് കൈവന്നു.

ഇന്‍സമാം ഉള്‍ ഹഖ് (11739), മഹേള ജയവര്‍ധനെ (12650), സനത് ജയസൂര്യ (13430), റിക്കി പോണ്ടിങ് (13704), കുമാര്‍ സംഗക്കാര (14234), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18326) എന്നിവരാണ് ഇപ്പോള്‍ കോലിക്ക് മുന്നിലുള്ളത്.

അതേസമയം കട്ടക്കിലെ മികച്ച പ്രകടനത്തോടെ ഈ കലണ്ടര്‍ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കോലി ഈ നേട്ടം സ്വന്തമാക്കുന്നത്. റണ്‍വേട്ടയില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പിന്നിലാക്കിയാണ് കോലി ഇത്തവണ ഈ നേട്ടം സ്വന്തമാക്കിയത്.

Content Highlights: Virat Kohli pass Jacques Kallis to become 7th highest run getter in ODI history