കൊല്‍ക്കത്ത: ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രശംസിച്ച് മുന്‍ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ''ഇപ്പോഴുള്ള ക്യാപ്റ്റന്‍മാരില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരാളാണ് വിരാട് കോലി. അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്.'' കൊല്‍ക്കത്തയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെ ഗാംഗുലി പറഞ്ഞു.
''ചെറിയ കരിയറിനുള്ളില്‍ രാജ്യത്തിനായി അദ്ഭുതങ്ങള്‍ കാണിച്ച താരമാണ് കോലി. പോരാടാനുള്ള ആര്‍ജവം കൊണ്ടും വിജയദാഹം കൊണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്താന്‍ പോകുന്ന ഏതോ ഒരു താരമായാണ് കോലിയുടെ കളി കാണുമ്പോള്‍ എനിക്ക് തോന്നാറുള്ളത്. ബാറ്റിങ്ങിനിറങ്ങുമ്പോള്‍ അവന്റെ മുഖത്ത് ആ ആത്മവിശ്വാസം കാണാം.'' ഗാംഗുലി പറയുന്നു.
ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലി ശ്രമിക്കാറുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ കോലിയുടെ സാന്നിധ്യം നിര്‍ണായകമാണെന്നും ഗാംഗുലി വ്യക്തമാക്കി.
കോലിക്ക് കീഴില്‍ ഇന്ത്യ ഇതുവരെ ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ആഗസ്തില്‍ വിന്‍ഡീസിനെതിരെ നേടിയ 237 റണ്‍സിന്റെ വിജയവും ഇതില്‍ ഉള്‍പ്പെടുന്നു.