അഹമ്മദാബാദ്: മാര്‍ച്ച് 4 ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലൂടെ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഈ മത്സരത്തില്‍ ഇന്ത്യയെ നയിച്ചാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലി 60 മത്സരങ്ങള്‍ പിന്നിടും. 

ഇതോടെ ഏറ്റവുമധികം മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച നായകന്‍ എന്ന ധോനിയുടെ റെക്കോഡിനൊപ്പം കോലിയ്ക്ക് എത്താം. അതോടൊപ്പം മത്സരത്തില്‍ 17 റണ്‍സെടുത്താല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 12000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡും കോലിയ്ക്ക് സ്വന്തമാകും.

ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടേ രണ്ട് താരങ്ങളേയുള്ളൂ. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങും മുന്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഗ്രേയം സ്മിത്തും. നായകനെന്ന നിലയില്‍ പോണ്ടിങ് 15440 റണ്‍സും സ്മിത്ത് 14878 റണ്‍സും നേടിയിട്ടുണ്ട്. 

നാലാം ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടാനായാല്‍ കോലിയ്ക്ക് റിക്കി പോണ്ടിങ്ങിനെ മറികടന്ന് നായകനായിരിക്കേ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കാം. നിലവില്‍ കോലിയ്ക്കും പോണ്ടിങ്ങിനും 41 സെഞ്ചുറികള്‍ വീതമുണ്ട്. 2019-ലാണ് കോലി അവസാനമായി ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടിയത്.  

നാലാം ടെസ്റ്റില്‍ വിജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ഇന്ത്യയ്ക്ക് ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാനാകും.

Content Highlights: Virat Kohli On The Verge Of Breaking Several Captaincy Records In 4th Test