മുംബൈ:  അണ്ടര്‍-19 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തുടങ്ങി ഇന്ത്യന്‍ സീനിയര്‍ ടീമിന്റ ക്യാപ്റ്റന്‍ വരെ എത്തിനില്‍ക്കുന്ന വിരാട് കോലിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കണ്ട് താരമാണ് ധോനി. 2008-ല്‍ ധോനി ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുന്ന സമയത്താണ് കോലി ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ടീമിന്റെ അവിഭാജ്യ ഘടകമായ കോലി ധോനിക്ക് പകരം ക്യാപ്റ്റനായി. ഒരു യുവതാരത്തിനും അത്ര പെട്ടെന്ന് വന്നുചേരാത്ത ഭാഗ്യമായിരുന്നു അത്.

ഇന്ന് കോലിക്ക് കീഴില്‍ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഈ പശ്ചാലത്തില്‍ ധോനി തന്റെ കരിയറില്‍ നല്‍കിയ പിന്തുണയെ കുറിച്ച് കോലി സംസാരിക്കുന്നു. ധോനിയെപ്പോലെ ഒരു താരത്തെ ലഭിച്ചത് ഇന്ത്യന്‍ ടീമിന്റെ ഭാഗ്യമാണെന്നും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോനിയുടെ സാന്നിധ്യം ലോകകപ്പില്‍ നിര്‍ണായകമാകുമെന്നും കോലി പറയുന്നു.

ഇന്ത്യന്‍ ടീമില്‍ കളിച്ചുതുടങ്ങിയ കാലത്ത് ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോനി എനിക്ക് എല്ലാ പിന്തുണയും നല്‍കി. അന്ന് എനിക്കുപകരം മറ്റാരെ വേണമെങ്കിലും പരീക്ഷിക്കാമായിരുന്നു. പക്ഷേ, അദ്ദേഹം എനിക്ക് എല്ലാ പിന്തുണയും നല്‍കി. വണ്‍ഡൗണായി ബാറ്റുചെയ്യാന്‍ അവസരം നല്‍കി. എന്നാല്‍ ഇപ്പോള്‍ ഒരുപാട് പേര്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ടീമിലേക്ക് വരുമ്പോള്‍ കുറച്ചു മത്സരങ്ങള്‍ കളിപ്പിച്ച ശേഷം എനിക്ക് പകരം മറ്റു താരങ്ങളെ ധോനിക്ക് പരീക്ഷിക്കാമായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഞാന്‍ ഉപയോഗിച്ചു. അത് ധോനി നല്‍കിയ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോലി പറയുന്നു.

മോശം ഫോമില്‍ കളിക്കുമ്പോഴെല്ലാം ആരാധകര്‍ ധോനിയെ വിമര്‍ശിക്കുന്നു. ഒരു മത്സരത്തെ കുറിച്ച് മറ്റാരേക്കാളും കൃത്യമായ ധാരണയുള്ള വ്യക്തിയാണ്. ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ ധോനി ഗ്രൗണ്ടിലുണ്ട്. ഇങ്ങനെ ഒരു താരം വിക്കറ്റ് കീപ്പറായി ഉള്ളത് ടീമിന്റെ ഭാഗ്യമാണ്. കോലി കൂട്ടിച്ചേര്‍ത്തു. 

Content Highlights: Virat Kohli on MS Dhoni and his support Indian Cricket Team