അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ കളത്തിലിറങ്ങിയതോടെ ടെസ്റ്റ് കരിയറില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 

ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റനെന്ന എം.എസ് ധോനിയുടെ റെക്കോഡിനൊപ്പമെത്താന്‍ കോലിക്കായി. 60 ടെസ്റ്റുകളിലാണ് ഇരുവരും ഇന്ത്യയെ നയിച്ചത്. ക്യാപ്റ്റനായുള്ള കോലിയുടെ 60-ാം ടെസ്റ്റായിരുന്നു ഇത്.

നേരത്തെ മൂന്നാം ടെസ്റ്റിലെ ജയത്തോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടം ധോനിയെ മറികടന്ന് കോലി സ്വന്തമാക്കിയിരുന്നു. ധോനിയുടെ പേരില്‍ 21 ജയങ്ങളും കോലിയുടെ പേരില്‍ 22 ജയങ്ങളുമാണുള്ളത്. 

ഇംഗ്ലണ്ടിനെതിരേ നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ 36 ടെസ്റ്റ് ജയങ്ങളെന്ന നേട്ടം സ്വന്തമാക്കാന്‍ കോലിക്ക് സാധിക്കും. ഇതോടെ മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ റെക്കോഡ് മറികടക്കാനും കോലിക്ക് സാധിക്കും. 

അതേസമയം നാലാം ടെസ്റ്റില്‍ 17 റണ്‍സെടുത്താല്‍ മറ്റൊരു നേട്ടവും കോലിയെ കാത്തിരിപ്പുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാകും കോലി. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും (15,440) മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തുമാണ് (14878) ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്.

നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടാനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡും കോലിക്ക് സ്വന്തമാക്കാം. നിലവില്‍ 41 സെഞ്ചുറികളുമായി കോലി റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമാണ്.

Content Highlights: Virat Kohli on equalling MS Dhoni s captaincy record