Photo: Reuters
ലണ്ടന്‍: ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ഇംഗ്ലണ്ടിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സപ്പായ ഇന്ത്യ ആദ്യമായി ഫൈനല്‍ കളിക്കുന്ന ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ്. ജൂണ്‍ ഏഴിനാണ് ഫൈനല്‍ ആരംഭിക്കുന്നത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലിലൂടെ നിരവധി റെക്കോഡുകള്‍ തകര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ താരം വിരാട് കോലി. ഓസ്‌ട്രേലിയയ്‌ക്കെതിരേ മികച്ച റെക്കോഡുള്ള കോലി നിലവില്‍ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. ഐ.പി.എല്ലില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികളടിച്ച് താരം വിമര്‍ശകരുടെ വായടപ്പിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ തിളങ്ങിയാല്‍ സച്ചിനും ദ്രാവിഡുമെല്ലാം സ്ഥാപിച്ച നിരവധി റെക്കോഡുകള്‍ താരത്തിന് മറികടക്കാം.
നോക്കൗട്ട് രാജ
ആദ്യ റെക്കോഡ് ഐ.സി.സി. നോക്കൗട്ട് മത്സരവുമായി ബന്ധപ്പെട്ടതാണ്. ഐ.സി.സിയുടെ നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 14 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സാണ് താരം അടിച്ചെടുത്തത്. നിലവില്‍ 15 മത്സരങ്ങളില്‍ നിന്ന് 620 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. ഓസീസിനെതിരേ 38 റണ്‍സെടുത്താല്‍ കോലിയ്ക്ക് ഈ റെക്കോഡ് നേടാം. നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം റിക്കി പോണ്ടിങ്ങാണ്. 18 മത്സരങ്ങളില്‍ നിന്ന് 731 റണ്‍സാണ് പോണ്ടിങ് നേടിയത്. ഈ റെക്കോഡ് തകര്‍ക്കാന്‍ കോലിയ്ക്ക് 112 റണ്‍സ് വേണം.
ഒരു ബൗളര്‍ക്കെതിരേ ഏറ്റവുമധികം റണ്‍സ്
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ബൗളര്‍ക്കെതിരേ ഏറ്റവുമധികം റണ്‍സെടുത്ത താരത്തിനുള്ള റെക്കോഡ് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയാണ് സ്വന്തമാക്കിവെച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണിനെതിരേ താരം 570 റണ്‍സെടുത്തിട്ടുണ്ട്. കോലി ലിയോണിനെതിരേ 511 റണ്‍സ് നേടിയിട്ടുണ്ട്. ലിയോണിനെതിരേ ഫൈനലില്‍ 60 റണ്‍സെടുത്താല്‍ കോലിയ്ക്ക് ഈ റെക്കോഡ് മറികടക്കാം.
ഇംഗ്ലണ്ടില്‍ ഏറ്റവുമധികം റണ്‍സ്
ഇംഗ്ലണ്ടില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് കോലിയുടെ മറ്റൊരു ലക്ഷ്യം. നിലവില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് ഈ റെക്കോഡിനുടമ. 46 മത്സരങ്ങളില്‍ നിന്ന് 2645 റണ്‍സാണ് ദ്രാവിഡിന്റെ അക്കൗണ്ടിലുള്ളത്. കോലിയ്ക്ക് 56 മത്സരങ്ങളില്‍ നിന്ന് 2574 റണ്‍സുണ്ട്. 72 റണ്‍സ് കൂടിയെടുത്താല്‍ താരത്തിന് ഈ റെക്കോഡ് സ്വന്തമാക്കാം.
ഓസ്‌ട്രേലയയ്‌ക്കെതിരേ കൂടുതല്‍ സെഞ്ചുറികള്‍
ഓസ്‌ട്രേലിയയ്‌ക്കെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോഡ് വിരാട് കോലിയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലൂടെ സ്വന്തമാക്കാം. മത്സരത്തില്‍ സെഞ്ചുറി നേടിയാല്‍ കോലിയ്ക്ക് സുനില്‍ ഗാവസ്‌കറെ മറികടന്ന് രണ്ടാമതെത്താം. നിലവില്‍ ഇരുവര്‍ക്കും എട്ട് സെഞ്ചുറികള്‍ വീതമാണുള്ളത്. 11 സെഞ്ചുറികള്‍ നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്.
ഐ.സി.സി ഫൈനലില്‍ സെഞ്ചുറി
ഐ.സി.സിയുടെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ ഒരു താരം മാത്രമേ സെഞ്ചുറി നേടിയിട്ടുള്ളൂ. അത് സൗരവ് ഗാംഗുലിയാണ്. 2000-ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് താരം സെഞ്ചുറി നേടിയത്. അതിനുശേഷം ആര്‍ക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരേ സെഞ്ചുറി നേടിയാല്‍ കോലിയ്ക്കും ഈ നേട്ടം സ്വന്തമാക്കാം.
Content Highlights: Virat Kohli On Cusp Of Records In WTC Final vs Australia
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..