റാഞ്ചി: ബാറ്റിങ് റെക്കോഡുകള്‍ ഓരോന്നായി വെട്ടിപ്പിടിക്കുന്നത് പതിവാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്ത് മറ്റൊരു റെക്കോഡ് കൂടി. ഇത്തവണ ക്യാപ്റ്റനെന്ന നിലയിലാണ് കോലി പുതിയ റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുന്നത്. 

ഓസ്‌ട്രേലിയക്കെതിരേ റാഞ്ചിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ 27 റണ്‍സ് നേടാനായാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ 4000 റണ്‍സ് തികയ്ക്കുന്ന 12-ാമത്തെ താരമെന്ന നേട്ടം കോലിക്ക് സ്വന്തമാകും. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ക്യാപ്റ്റനുമാകും കോലി. 

മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, എം.എസ് ധോനി എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍. ക്യാപ്റ്റനെന്ന നിലയില്‍ 3973 റണ്‍സ് ഇപ്പോള്‍ കോലിയുടെ അക്കൗണ്ടിലുണ്ട്. 

ക്യാപ്റ്റനെന്ന നിലയില്‍ 6641 റണ്‍സ് നേടിയ ധോനിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ മുന്നില്‍. അസ്ഹറുദ്ദീന്‍ 5239 റണ്‍സും ഗാംഗുലി 5104 റണ്‍സും നേടിയിട്ടുണ്ട്.

Content Highlights: virat kohli on cusp of joining dhoni ganguly azharuddin in elite list