ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വി അര്‍ഹിച്ചിരുന്നെന്ന് നായകന്‍ വിരാട് കോലി. മത്സരത്തിലുടനീളം ഇംഗ്ലണ്ട് തങ്ങളെ നിഷ്പ്രഭരാക്കിയെന്നും കോലി കൂട്ടിച്ചേര്‍ത്തു.

ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റിയുവര്‍ട്ട് ബ്രോഡും ചേര്‍ന്ന് എട്ടുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്നിങ്‌സിനും 159 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി. വിജയത്തോടെ പരമ്പരയില്‍ 2-0 ന് ഇംഗ്ലണ്ട് മുന്നിലെത്തി.

മത്സരശേഷം തീര്‍ത്തും നിരാശനായിരുന്നു കോലി. ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കത്തക്കതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നു പറഞ്ഞ അദ്ദേഹം ഇംഗ്ലണ്ട് തികഞ്ഞ അര്‍പ്പണമനോഭാവത്തോടെയും കഠിനാധ്വാനത്തോടെയുമാണ് മത്സരത്തെ സമീപിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

''ഞങ്ങള്‍ കളിച്ച രീതിയില്‍ അഭിമാനിക്കത്തക്കതായി ഒന്നും ഇല്ലായിരുന്നു. കഴിഞ്ഞ അഞ്ചു ടെസ്റ്റുകളില്‍ ഇതാദ്യമായാണ് ഞങ്ങള്‍ ഇത്തരത്തില്‍ നിഷ്പ്രഭരായി പോകുന്നത്. ഈ തോല്‍വി ഞങ്ങള്‍ അര്‍ഹിച്ചിരുന്നു'', കോലി വ്യക്തമാക്കി.

തോല്‍വിക്കു ശേഷം സാഹചര്യങ്ങളെ പഴിക്കാനൊന്നും കോലി മുതിര്‍ന്നില്ല. മോശം സാഹചര്യത്തില്‍ ബാറ്റുചെയ്യേണ്ടി വന്നത് തോല്‍വിയിലേക്ക് നയിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് കോലി പറഞ്ഞു. മത്സരത്തിനിടെ സാഹചര്യങ്ങളെ കുറിച്ചൊന്നും ചിന്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാമിന്നിങ്‌സില്‍ 107 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. മറുപടിയായി ഇംഗ്ലണ്ട്  ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലെയര്‍ ചെയ്തു. 289 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം കേവലം 47 ഓവറില്‍ 130 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 

ഓഗസ്റ്റ് 18-ന് ട്രെന്‍ഡ് ബ്രിഡ്ജിലാണ് മൂന്നാം ടെസ്റ്റ്. പരമ്പരയില്‍ തിരിച്ചെത്താന്‍ ഇവിടെ ഇന്ത്യയ്ക്ക് വിജയം നേടേണ്ടത് അനിവാര്യമാണ്.

Content Highlights: virat kohli offers no excuse says his team deserved to lose