ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ അടിമുടി മാറിയാണ് ആരാധകരിലേക്കെത്തുന്നത്. ഇത്തവണ പത്ത് ടീമുകളാണ് കിരീടത്തിനായി പോരടിക്കുക. നിലവിലുള്ള എട്ട് ടീമുകള്‍ നാല് താരങ്ങളെ മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ മെഗാ ലേലത്തിനായി കൈമാറി. 

താരങ്ങളെ നിലനിര്‍ത്താനുള്ള അവസാന ദിനം പിന്നിട്ടപ്പോള്‍ എട്ട് ടീമുകളും വലിയ വില നല്‍കി ചില താരങ്ങളെ നിലനിര്‍ത്തി. പതിവുപോലെ സൂപ്പര്‍ താരങ്ങളായ എം.എസ്.ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിലും വിരാട് കോലി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലും തുടരും. എന്നാല്‍ ഇത്തവണ ഇരുവരും പ്രതിഫലം വെട്ടിക്കുറച്ചു. 

കഴിഞ്ഞ സീസണില്‍ 15 കോടി രൂപയായിരുന്ന ധോനിയുടെ പ്രതിഫലം ഇത്തവണ 12 കോടിയായി കുറഞ്ഞു. മൂന്ന് കോടി രൂപയാണ് ധോനി വെട്ടിക്കുറച്ചത്. കോലിയാകട്ടെ രണ്ട് കോടി രൂപയാണ് കുറച്ചത്. കഴിഞ്ഞ സീസണില്‍ 17 കോടി രൂപ പ്രതിഫലം പറ്റിയിരുന്ന കോലി ഇത്തവണ 15 കോടി രൂപയാക്കി കുറച്ചു. 

ടീമുകള്‍ക്ക് കൂടുതല്‍ താരങ്ങളെ മെഗാലേലത്തില്‍ സ്വന്തമാക്കുന്നതിനുവേണ്ടിയാണിത്. ഇരുവരും പ്രതിഫലം കുറച്ചതോടെ ആ തുക ലേലത്തിനായി ടീമുകള്‍ക്ക് ഉപയോഗിക്കാം. നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഋഷഭ് പന്തിനും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്കുമാണ്. ഇവര്‍ക്ക് 16 കോടി രൂപ വീതം ലഭിക്കും. 

Content Highlights: Virat Kohli, MS Dhoni take pay cuts as franchises rebuild squad ahead of mega auction