ന്യൂഡല്‍ഹി: ആദ്യ ടെസ്റ്റിലെ ആധികാരിക വിജയത്തിനു ശേഷം വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ഒരു സര്‍പ്രൈസ് മാറ്റത്തിനു സാധ്യത.

ഈ മാസം 12-ന് ഹൈദരാബാദിലാണ് പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് നടക്കുന്നത്. ദീര്‍ഘ നാളായി ടീമിലേക്ക് വിളികാത്തിരിക്കുന്ന മായങ്ക് അഗര്‍വാള്‍ രണ്ടാം ടെസ്റ്റിനുള്ള ടീമിലെത്തിയേക്കുമെന്നാണ് സൂചന. നായകന്‍ വിരാട് കോലിക്കു പകരമാകും മായങ്ക് ടീമിലെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോലിക്ക് വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ടെസ്റ്റില്‍ പൃഥ്വി ഷായ്‌ക്കൊപ്പം മായങ്ക് അരങ്ങേറ്റം കുറിക്കുമെന്ന് വിചാരിച്ചിരുന്നെങ്കിലും പൃഥ്വി ഷായ്ക്ക് മാത്രമാണ് ടീം മാനേജ്‌മെന്റ് അവസരം നല്‍കിയത്. അരങ്ങേറ്റത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ചുറിയുമായി പൃഥ്വി വരവറിയിച്ചിരുന്നു.

ഇക്കാരണത്താല്‍ തന്നെ പൃഥ്വി രണ്ടാം ടെസ്റ്റിലും ടീമില്‍ തുടരും. ലോകേഷ് രാഹുല്‍ തന്നെ രണ്ടാം ടെസ്റ്റിലും ഓപ്പണറാകാനാണ് സാധ്യത. കോലി മാറി നിന്നാല്‍ അദ്ദേഹത്തിന്റെ നാലാം നമ്പറില്‍ മായങ്കിന് അവസരം ലഭിച്ചേക്കും. 

തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെതിരേ നേടിയത്. ഇതിനാല്‍ തന്നെ താരതമ്യേന ദുര്‍ബലരായ വിന്‍ഡീസിനെതിരായ അവസാന മത്സരത്തില്‍ കോലിക്ക് വിശ്രമം അനുവദിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ പക്ഷം.

കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാകും ടീമിനെ നയിക്കുക. എന്നാല്‍ സമീപകാലത്തെ രഹാനെയുടെ ഫോം ആശങ്കയുണര്‍ത്തുന്നതാണ്. ഓസീസ് പര്യടനത്തിനു മുന്‍പ് ഫോമിലേക്ക് മടങ്ങിയെത്താനുള്ള രഹാനെയുടെ അവസാന അവസരമാണ് രണ്ടാം ടെസ്റ്റ്. 

Content Highlights: virat kohli may get rest for 2nd test debut for mayank