ദുബായ്: നവംബര്‍ 27-ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ് ഇന്ത്യയുടെ ഓസീസ് പര്യടനം. 

ഐ.പി.എല്‍ സീസണ്‍ അവസാനിച്ചതിനു പിന്നാലെ ബയോ സെക്യുര്‍ ബബിളിനുള്ളില്‍ നിന്ന് പുറത്തുകടന്ന ടീം അംഗങ്ങള്‍ ദുബായില്‍ ഒത്തുചേരുകയായിരുന്നു. 

പ്രത്യേക പി.പി.ഇ കിറ്റുകള്‍ ധരിച്ച് നില്‍ക്കുന്ന താരങ്ങളുടെ ചിത്രം ബി.സി.സി.ഐ പുറത്തുവിട്ടിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെത്തുന്ന ടീം ക്വാറന്റീനിൽ പ്രവേശിക്കും. 

നവംബര്‍ 27-ന് സിഡ്‌നിയില്‍ ആദ്യ ഏകദിന മത്സരത്തോടെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് തുടക്കമാകും. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. 

പരമ്പരയിലെ രണ്ടാം ഏകദിനവും സിഡ്‌നിയില്‍ തന്നെയാണ്. മൂന്നാം ഏകദിനം കാന്‍ബറയില്‍ നടക്കും. ഡിസംബര്‍ നാലിന് കാന്‍ബറയില്‍ തന്നെ ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകും. ഡിസംബര്‍ ആറിനും എട്ടിനും സിഡ്‌നിയില്‍ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ നടക്കും. 

ഡിസംബര്‍ 11-ന് ഓസ്‌ട്രേലിയ എ ടീമുമാണ് ഇന്ത്യ പരിശീലന മത്സരം കളിക്കും. ഡിസംബര്‍ 17-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഡ്‌ലെയ്ഡിലാണ് മത്സരം. ഡിസംബര്‍ 26-ന് മെല്‍ബണില്‍ രണ്ടാം ടെസ്റ്റും ജനുവരി ഏഴിന് സിഡ്‌നിയില്‍ മൂന്നാം ടെസ്റ്റും നടക്കും. ജനുവരി 15-ന് ബ്രിസ്‌ബെയ്‌നിലാണ് അവസാന ടെസ്റ്റ്.

Content Highlights: Virat Kohli-led squad leaves for Australia tour in PPE kits