ന്യൂഡല്‍ഹി: ഗ്രൗണ്ടില്‍ അക്രമണോത്സുകതയോടെ മാത്രമേ വിരാട് കോലിയെ നമ്മള്‍ കണ്ടിട്ടുള്ളു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നല്ലൊരു തമാശക്കാരന്‍ കൂടിയാണ്. ഫിറോസ്ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിനിടെ കോലിയുടെ തമാശ കേട്ട് അമ്പയര്‍ പോലും ചിരിച്ചു പോയി.

ലങ്കയുടെ രണ്ടാം ഇന്നിങ്‌സിനിടെയായിരുന്നു കോലി അമ്പയറുമായി തമാശ പങ്കുവെച്ചത്. മുഹമ്മദ് ഷമി എറിഞ്ഞ ആറാം ഓവറില്‍ സദീര സമരവിക്രമ പുറത്തായി. ഷമിയുടെ ബൗണ്‍സര്‍ ബാറ്റില്‍ തട്ടി നേരെ ചെന്നത് അജിങ്ക്യ രഹാനെയുടെ കൈയിലാണ്. അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു.

എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് സമരവിക്രമ വാദിച്ചു. ഡി.ആര്‍.എസ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഫലം വന്നപ്പോള്‍ അമ്പയറുടെ തീരുമാനം ശരിയാണെന്ന് വ്യക്തമായി. സമരവിക്രമ ക്രീസ് വിടുകയും ചെയ്തു. 

ഇതിനിടയിലാണ് കോലി അമ്പയര്‍ നിയേല്‍ ലോങ്ങുമായി തമാശ പങ്കിട്ടത്. കോലിയുടെ തമാശ കേട്ട് അമ്പയര്‍ ചിരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാധകരെ മാത്രമല്ല, അമ്പയറെ വരെ രസിപ്പിക്കാന്‍ കോലിക്കാകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

Content Highlights: Virat Kohli Jokes Umpire Nigel Llong Laughs India vs Sri Lanka Test Cricket