മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെ അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 

ഒന്നാം ടെസ്റ്റിനു പിന്നാലെ 1-0ന് പിന്നില്‍ പോയ ടീമിനെയാണ് രഹാനെ പരമ്പര വിജയികളാക്കിയത്. അതും പരിക്ക് കാരണം പ്രധാന താരങ്ങളില്‍ പലരെയും നഷ്ടമായ സാഹചര്യത്തില്‍. 

മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായതും രഹാനെ തന്നെ.

ഇതിനു പിന്നാലെ വിരാട് കോലിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി രഹാനെയ്ക്ക് നല്‍കണമെന്ന ആവശ്യവുമായി മുന്‍ താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ രഹാനെ തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.

''ഒന്നും മാറുന്നില്ല. ടെസ്റ്റ് ടീമിന്റെ നായകന്‍ എപ്പോഴും വിരാട് തന്നെയായിരിക്കും. ഞാന്‍ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ടീമിനെ നയിക്കേണ്ടത് എന്റെ കടമയാണ്. അതോടൊപ്പം ഇന്ത്യയുടെ വിജയത്തിനായി കഴിവിന്റെ പരമാവധി നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തവുമാണ്.'' - പി.ടി.ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രഹാനെ പറഞ്ഞു.

''കേവലം ഒരു ക്യാപ്റ്റനാകുക എന്നതിലല്ല കാര്യം. ക്യാപ്റ്റന്റെ റോള്‍ നിങ്ങള്‍ എങ്ങനെ നിര്‍വഹിക്കുന്നു എന്നതാണ് പ്രധാനം. ഇതുവരെ എനിക്ക് ക്യാപ്റ്റനെന്ന നിലയില്‍ വിജയിക്കാന്‍ സാധിച്ചു. ഭാവിയിലും അങ്ങനെതന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും എന്റെ ടീമിന് ഇത്തരത്തിലുള്ള വിജയങ്ങള്‍ സമ്മാനിക്കാന്‍ ഞാന്‍ ശ്രമിക്കും.'' - രഹാനെ കൂട്ടിച്ചേര്‍ത്തു.

തനിക്കും കോലിക്കും ഇടയിലെ അടുപ്പം മികച്ചതാണെന്നും രഹാനെ പറഞ്ഞു. ''ഇന്ത്യയ്ക്കകത്തും പുറത്തും മറക്കാനാകാത്ത ഇന്നിങ്‌സുകള്‍ ഞങ്ങള്‍ രണ്ടു പേരും കളിച്ചിട്ടുണ്ട്. നാലാമതെത്തുന്ന വിരാടും അഞ്ചാമതെത്തുന്ന ഞാനും ചേര്‍ന്ന് ഒരുപാട് മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും രഹാനെ പറഞ്ഞു.

Content Highlights: Virat Kohli is always be the captain of India Test team says Ajinkya Rahane