അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20 മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അവസാന മത്സരത്തില്‍ കളിക്കും. 

കോലിയുടെ പരിക്ക് ഗുരുതരമല്ലെന്നും താരത്തിന് കളിക്കാനാകുമെന്നുമാണ് റിപ്പോര്‍ട്ട്. 

വ്യാഴാഴ്ച നടന്ന നാലാം മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 15-ാം ഓവറിലാണ് കോലിക്ക് പരിക്കേല്‍ക്കുന്നത്. ഡീപ് മിഡ്‌വിക്കറ്റില്‍ നിന്ന് ഓടിവന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം റണ്‍ തടയാന്‍ പന്തെറിഞ്ഞ് നല്‍കുന്നതിനിടെ കോലിയുടെ തുടയിലെ പേശികള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ബാലന്‍സ് തെറ്റി പന്തെറിഞ്ഞതിനു ശേഷമായിരുന്നു ഇത്. 

ഇതോടെ 16-ാം ഓവറില്‍ കോലി മൈതാനം വിട്ടു. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് പിന്നീട് ടീമിനെ നയിച്ചത്. 

പരിക്ക് സാരമുള്ളതല്ലെന്നും ശനിയാഴ്ച അവസാന മത്സരത്തില്‍ കളിക്കാനാകുമെന്നും കോലി തന്നെ വ്യക്തമാക്കി. 30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ശരീര താപനില പെട്ടെന്ന് കുറയുന്നതു പോലെ തോന്നിയെന്നും കോലി പറഞ്ഞു. കൂടുതല്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയുള്ളതിനാലാണ് മൈതാനം വിട്ടതെന്നും കോലി പറഞ്ഞു.

Content Highlights: Virat Kohli injury nothing serious should be fine for last t20