മുംബൈ:  ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് റാങ്കിങ്ങില്‍ മുന്നേറ്റം. ഐ.സി.സിയുടെ പുതിയ റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് നിന്ന് കോലി രണ്ടാം സ്ഥാനത്തെത്തി. 893 പോയിന്റോടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ മുന്നേറ്റം. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് റാങ്കിങ്ങില്‍ ഒന്നാമത്. അതേസമയം ഏകദിനത്തിലും ടിട്വന്റിയിലും കോലിയാണ് ഒന്നാം റാങ്കില്‍. 

ലങ്കക്കെതിരായ ടെസ്റ്റില്‍ കോലി തുടര്‍ച്ചയായി രണ്ട് ഇരട്ടസെഞ്ചുറി നേടിയിരുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന അവസാന ടെസ്റ്റിലെ താരവും പരമ്പരയിലെ താരവും കോലിയായിരുന്നു. ഫിറോസ്ഷാ കോട്‌ലയില്‍ 243 റണ്‍സടിച്ച കോലി കരിയറിലെ ഏറ്റവും മികച്ച സ്‌കോറും കണ്ടെത്തി.

10 മത്സരങ്ങളില്‍ നിന്ന് അഞ്ചു സെഞ്ചുറിയോടെ 1059 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ വര്‍ഷം നേടിയത്. അഞ്ചു സെഞ്ചുറികളില്‍ മൂന്നെണ്ണം ഇരട്ടസെഞ്ചുറിയായിരുന്നു. 

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്‌സണാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ താരം റബാദെ രണ്ടാമതും ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. 

Content Highlights: Virat Kohli ICC Test Ranking Cricket Number Two