കൊളംബോ:  ഏകദിന ക്രിക്കറ്റില്‍ റെക്കോഡുകള്‍ ഓരോന്നായി തിരുത്തിയെഴുതുന്ന തിരക്കിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കൊളംബോയില്‍ ലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറിയടിച്ച കോലി ഒരു റെക്കോഡ് കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഏകദിനത്തില്‍ 30-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ കോലിക്ക് മുന്നില്‍ ഇനിയുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ്. 

ഓസീസ് ക്യാപ്റ്റനായിരുന്ന റിക്കോ പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്തിയ കോലി 30 സെഞ്ചുറിയടിക്കാന്‍ എടുത്തത് വെറും 194 ഏകദിനങ്ങള്‍ മാത്രമാണ്. അതേസമയം സച്ചിന്‍ 267 മത്സരങ്ങളില്‍ നിന്നാണ് 30 സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സച്ചിന്റെ റെക്കോഡ് മറികടക്കണമെങ്കില്‍ കോലിക്ക് 20 സെഞ്ചുറി കൂടി നേടണം. അതേസമയം 394 ഏകദിനങ്ങള്‍ വേണ്ടി വന്നു പോണ്ടിങ്ങിന് 30-ാം ശതകത്തിലെത്താന്‍. 

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ 116 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ 110 റണ്‍സാണ് കോലി നേടിയത്.  നേരത്തെ നാലാം ഏകദിനത്തിലും സെഞ്ചുറി നേടിയിരുന്ന കോലി അന്ന് 28 സെഞ്ചുറികളുള്ള ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ മറികടന്ന് മൂന്നാമതെത്തിയിരുന്നു. ഇന്ത്യ ലക്ഷ്യം പിന്തുടര്‍ന്ന മത്സരത്തില്‍ കോലിയുടെ 19-ാം സെഞ്ചുറി കൂടിയാണിത്. ഒപ്പം ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ കോലി തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഈ നേട്ടത്തിലെത്തി.

virat kohli