ക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങളിലും ഇന്ത്യ വിജയിച്ചതിന് പിന്നാലെ വിരാട് കോലിക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകത്ത് നിന്ന് ഒരുപാട് പേരാണെത്തിയത്. ഡേവിഡ് വാര്‍ണറും ജാവേദ് മിയാന്‍ദാദുമടക്കമുള്ള താരങ്ങള്‍ കോലിയെ പുകഴ്ത്തിയിരുന്നു. കോലി വേറെ ലെവലാണെന്നായിരുന്നു വാര്‍ണറുടെ അഭിനന്ദനം.

എന്നാല്‍ കോലിക്കൊപ്പം യുസ്‌വേന്ദ്ര ചാഹലിനും അഭിനന്ദനവുമായി ന്യൂസിലന്‍ഡിന്റെ മുന്‍ ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി രംഗത്തുവന്നിരിക്കുകയാണ്. കോലി നായകനായ ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പരിശീലകനായ വെട്ടോറി ചാഹലിനും കോലിക്കുമാണ് വിജയത്തിന്റെ ക്രെഡിറ്റ് നല്‍കുന്നത്. സെന്റ് മോറിസ് ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെട്ടോറി ഇക്കാര്യം വ്യക്തമാക്കിയത്.

ചിന്നസ്വാമി പോലുള്ള ചെറിയ ഗ്രൗണ്ടുകളില്‍ കളിക്കുകയെന്നത് സ്പിന്നര്‍മാര്‍ക്ക് വെല്ലുവിളിയാണ്. പക്ഷേ ഏത് ബൗളറെയും വീഴ്ത്താന്‍ സാധിക്കുന്ന തരത്തില്‍ ചാഹല്‍ മികവുകാട്ടി. ആ ധൈര്യം തന്നെയാണ് ആര്‍സിബിയിലും ഇന്ത്യന്‍ ടീമിലും ചാഹലിനെ ശ്രദ്ധാകേന്ദ്രനാക്കുന്നത്. വെട്ടോറി പറയുന്നു.

ഞാന്‍ കോലിക്കൊപ്പം കളിച്ചിട്ടുണ്ട്. പിന്നീടാണ് ഞാന്‍ ആര്‍സിബിയുടെ പരിശീലകനാകുന്നത്. എനിക്ക് അറിയാവുന്നിടത്തോളം കൂടുതല്‍ പഠിക്കാനും കേള്‍ക്കാനും താത്പര്യപ്പെടുന്നയാളാണ് കോലി. വെട്ടോറി കൂട്ടിച്ചേര്‍ത്തു. 

ആര്‍സിബിയില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കുള്ള ചാഹലിന്റെ വളര്‍ച്ചയില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്നും അതിന് കാരണം ഇരുടീമുകളുടെയും നായകനെന്ന നിലയിലുള്ള കോലിയുടെ പ്രവര്‍ത്തനമാണെന്നും വെട്ടോറി വ്യക്തമാക്കി. ടെസ്റ്റില്‍ മികച്ച രീതിയില്‍ കളിക്കുന്നത് അശ്വിനും ജഡേജയുമാണ്. അവരെ അവിടെ നിന്ന് മാറ്റിനിര്‍ത്താനാകില്ല. ചെറിയ ഫോര്‍മാറ്റുകളില്‍ ചാഹലും കുല്‍ദീപും കരണ്‍ ശര്‍മ്മയുമൊക്കെയാണ് മികച്ച രീതിയില്‍ കളിക്കുന്നത്. ഫോര്‍മാറ്റിനനുസരിച്ച് താരങ്ങളും മാറുന്നുവെന്നും വെട്ടോറി ചൂണ്ടിക്കാട്ടി. 

Content Highlights: Virat Kohli has transformed Yuzvendra Chahal into a brave bowler Daniel Vettori