ഗാംഗുലിയും കോലിയും | Photo: PTI
ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ വിരാട് കോലി സമീപകാലത്തായി ഫോം കണ്ടെത്താനായി പാടുപെടുകയാണ്. പരിക്കുമൂലം താരം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിച്ചില്ല. രണ്ടാം മത്സരത്തിനും താരമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോലിയുടെ ഫോം ഇന്ത്യയ്ക്ക് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. ഇന്ത്യയുടെ വിശ്വസ്ത ബാറ്ററുടെ ഫോമില്ലായ്മ ടീമിന്റെ ബാറ്റിങ് ഘടനയെ സാരമായി ബാധിക്കുന്നുണ്ട്. കോലിയുടെ ഫോമില്ലായ്മയെ വിമര്‍ശിച്ച് കപില്‍ ദേവ് അടക്കമുള്ള പല താരങ്ങളും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത് ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയാണ്.
ഫോം വീണ്ടെടുക്കാനുള്ള വഴി കോലി തന്നെ കണ്ടെത്തണമെന്ന് ഗാംഗുലി പറഞ്ഞു. ' അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ സംഭാവനകള്‍ നോക്കൂ. അദ്ദേഹത്തിന് കഴിവില്ലെന്ന് ആരും പറയില്ല. പക്ഷേ അദ്ദേഹം ഇപ്പോള്‍ കരിയറിലെ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. കോലി വലിയ പ്രതിഭയുള്ള താരമാണ്. നന്നായി കളിക്കുന്നില്ലെന്ന് അദ്ദേഹത്തിന് തന്നെയറിയാം. ഫോം വീണ്ടെടുക്കാനുള്ള വഴി കോലിയ്ക്ക് മാത്രമേ അറിയൂ. അദ്ദേഹം തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ. കഴിഞ്ഞ 12-13 വര്‍ഷമായി നമ്മളത് കണ്ടുകൊണ്ടിരിക്കുകയാണ്'- ഗാംഗുലി പറഞ്ഞു.
ഈയിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും ട്വന്റി 20 മത്സരങ്ങളിലും കോലി വലിയ പരാജയമായിരുന്നു. 33 കാരനായ കോലി 2019 ന് ശേഷം ഒരു ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടില്ല. ട്വന്റി 20 ലോകകപ്പ് മുന്നില്‍നില്‍ക്കേ കോലിയുടെ ഫോമില്ലായ്മ ഇന്ത്യന്‍ ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കോലി ഫോമിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..