കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ആരുവേണമെന്ന് പറയാനുള്ള അവകാശം ക്യാപ്റ്റന്‍ വിരാട് കോലിക്കുണ്ടെന്ന് സൗരവ് ഗാംഗുലി.

കൊല്‍ക്കത്തയില്‍ ഒരു ഫുട്‌ബോള്‍ ലീഗിന്റെ സമ്മാനദാന ചടങ്ങില്‍ സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. 

നേരത്തെ മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിക്ക് തുടരാന്‍ സാധിച്ചാല്‍ ടീമിന് അത് ഏറെ സന്തോഷമായിരിക്കുമെന്ന് കോലി പറഞ്ഞിരുന്നു. പരിശീലകനെ തീരുമാനിക്കുന്ന കാര്യത്തില്‍ ഉപദേശക സമിതി എന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് എന്റെ അഭിപ്രായം അറിയേണ്ടതായിട്ടുണ്ടെങ്കില്‍ ഞാന്‍ ചെന്ന് സംസാരിക്കുന്നതായിരിക്കുമെന്നും കോലി വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ കോലിയുടെ ഈ നിലപാടിനെതിരേ ഉപദേശക സമിതി അംഗം അന്‍ഷുമാന്‍ ഗെയ്ക്‌വാദ് രംഗത്തെത്തിയിരുന്നു. പരിശീലകനെ തിരഞ്ഞെടുക്കുമ്പോള്‍ നായകനായ കോലിയുടെ അഭിപ്രായം പരിഗണിക്കണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനു പിന്നാലെയാണ് കോലിയെ പിന്തുണച്ച് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്. 

ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് നേതൃത്വം നല്‍കുന്ന മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് ഉപദേശക സമിതിയിലെ മറ്റ് അംഗങ്ങള്‍. 

ഓഗസ്റ്റ് 13, 14 തീയതികളിലാണ് പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലായ് 30 ആയിരുന്നു.

Content Highlights: Virat Kohli has right to say who he wants as India head coach Sourav Ganguly