Image Courtesy: Getty Images
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ക്കെതിരേ അമിതമായി പ്രതിരോധിച്ച് കളിക്കുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരോട് ക്യാപ്റ്റന്‍ വിരാട് കോലി.
ക്രൈസ്റ്റ് ചര്‍ച്ചില്‍ 29-ന് ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനു മുമ്പാണ് കോലിയുടെ വാക്കുകള്‍. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.
ബൗളര്‍മാര്‍ക്കെതിരേ കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധിച്ച് കളിക്കുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് കോലി വ്യക്തമാക്കി.
''ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ നമ്മുടെ സമീപനത്തില്‍ തിരുത്തല്‍ ആവശ്യമാണ്. കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധിച്ച് കളിക്കുന്നതില്‍ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇതിലൂടെ നിങ്ങള്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍ പരാജയപ്പെടുകയാണ്'', കോലി പറഞ്ഞു.
ആദ്യ ടെസ്റ്റിനിടെ ചേതേശ്വര്‍ പൂജാര 11 റണ്‍സെടുക്കാന്‍ നേരിട്ടത് 81 പന്തുകളാണ്. ഹനുമ വിഹാരി 15 റണ്‍സ് നേടിയത് 79 പന്തുകളില്‍ നിന്നും. ഒരുവേള പൂജാര ആദ്യ റണ്ണെടുത്തത് 28 പന്തുകള്‍ക്ക് ശേഷമാണ്. ഇത് മായങ്ക് അഗര്‍വാളിനെ സമ്മര്‍ദത്തിലാക്കി. വൈകാതെ ഒരു ലൂസ് ഷോട്ടിന് ശ്രമിച്ച് മായങ്ക് വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു.
സിംഗിളുകള്‍ ഓടാതിരിക്കുകയും നിങ്ങളുടെ വിക്കറ്റ് കുറിച്ചിരിക്കുന്ന നല്ല പന്തിനായി കാത്തിരിക്കുന്നതും അംഗീകരിക്കാനാകുന്നതല്ലന്ന് കോലി ചൂണ്ടിക്കാട്ടി.
''പച്ചപ്പ് നിറഞ്ഞ വിക്കറ്റാണെങ്കില്‍ കൗണ്ടര്‍ അറ്റാക്കിനാണ് ഞാന്‍ ശ്രമിക്കുക. അതിനാല്‍ എനിക്കെന്റെ ടീമിനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. എന്നാല്‍ അത് നിങ്ങള്‍ക്ക് ഫലവത്താക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ നിങ്ങളുടെ ചിന്ത തെറ്റായിരുന്നുവെന്ന കാര്യം അംഗീകരിക്കണം'', കോലി കൂട്ടിച്ചേര്‍ത്തു.
Content Highlights: Virat Kohli has exhorted his batsmen to shun ultra-defensive approach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..