മുംബൈ: കളിക്കളത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറെകേള്‍ക്കുന്ന വിരാട് കോലിക്ക് പിന്തുണയുമായി രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും എങ്ങനെ ഒരുപോലെ വിജയിക്കാമെന്നതിനുള്ള ഉദാഹരണമാണ് കോലിയെന്ന് ദ്രാവിഡ് അഭിപ്രായപ്പെട്ടു. 

നിങ്ങള്‍ ടെസ്റ്റ് കളിക്കുന്നില്ലെങ്കില്‍ പരീക്ഷിക്കാന്‍ മറ്റു ഫോര്‍മാറ്റുകളുണ്ട്. ഏകദിനവും ട്വന്റി-20 ക്രിക്കറ്റും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. ക്രിക്കറ്റിലെ മനോഹരമായ ശൈലികളാണ് ഇതുരണ്ടും. മൂന്ന് ഫോര്‍മാറ്റിലും വിജയിക്കാന്‍ കഴിയുമെന്നതിനുള്ള ഉദാഹരണമാണ് കോലിയെപ്പോലുള്ള താരങ്ങള്‍. അത് അത്ര എളുപ്പമല്ല. ഇത്തരത്തില്‍ കളിക്കുന്നവര്‍ വളരേ കുറവാണ്. അതായിരിക്കണം എപ്പോഴും യുവതാരങ്ങളുടെ മുന്നിലുള്ള ലക്ഷ്യം. ദ്രാവിഡ് വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടും ദ്രാവിഡ് പങ്കുവെച്ചു. ടെസ്റ്റ് കളിക്കുമ്പോഴാണ് ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ കൂടുതല്‍ സംതൃപ്തി ലഭിക്കാറുള്ളത്. ഏറ്റവും പ്രയാസമുള്ള ഫോര്‍മാറ്റ് ടെസ്റ്റ് തന്നെയാണ്. അതുപോലെ മറ്റൊന്നും നിങ്ങളെ പരീക്ഷിക്കില്ല. അഞ്ച് ദിവസം കളിക്കുമ്പോള്‍ മാനസികമായും ശാരീരികമായും പരീക്ഷിക്കപ്പെടുകയാണ്. ദ്രാവിഡ് വ്യക്തമാക്കി.

Content Highlights: Virat Kohli Great Example On How To Succeed In All Three Formats Says Rahul Dravid