അഡ്ലെയ്ഡ്: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന് തയ്യാറെടുക്കുന്ന ഓസീസ് ടീം കഠിന പരിശീലനത്തിലാണ്. പരിശീലനത്തിന് ഓസീസ് ടീമിനൊപ്പം ഒരു ആറുവയസുകാരനും കൂടിയുണ്ട്. ശരിക്കും ഈ കുഞ്ഞന്‍ കളിക്കാരനാണ് ഇപ്പോള്‍ ടീമിലെ താരം.

ആര്‍ച്ചി ഷില്ലെര്‍ എന്നാണ് ഈ ആറു വയസുകാരന്റെ പേര്. മെല്‍ബണില്‍ നടക്കാനിരിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിനുളള ഓസീസ് ടീമില്‍ ഷില്ലെറുമുണ്ടാകും. കോച്ച് ജസ്റ്റിന്‍ ലാംഗര്‍ അവന് ഉറപ്പുകൊടുത്തതാണ് ഇക്കാര്യം. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ കടുത്ത ആരാധകനാണ് കക്ഷി. അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് ലിയോണിന് വാക്കുകൊടുത്തിട്ടുമുണ്ട് ഷില്ലെര്‍.

ക്രിക്കറ്റിനെ അതിയായി സ്‌നേഹിക്കുന്ന ഈ ആറുവയസുകാരന്റെ ഏറ്റവും വലിയ ആഗ്രഹം ഓസീസ് ടീമില്‍ കളിക്കണമെന്നതായിരുന്നു. എന്നാല്‍ കുഞ്ഞ് ഷില്ലെറുടെ മോഹങ്ങള്‍ തല്ലിക്കെടുത്തി അപൂര്‍വമായ ഹൃദ്രോഗം അവനെ പിടികൂടുകയായിരുന്നു. 

virat kohli gets warning from six year old australian leg spinner archie schiller

ജനിച്ച് മൂന്നാം മാസത്തിലാണ് കുഞ്ഞു ഷില്ലെറുടെ ഹൃദയത്തിന് വലിയ തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. മെല്‍ബണിലെ ആശുപത്രിയില്‍ ഏഴു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഷില്ലെറുടെ ഹൃദയ വാല്‍വുകള്‍ ആറു മാസത്തിനുശേഷം വീണ്ടും പ്രവര്‍ത്തിക്കാതെയായി. ഇതിന്റെ ഫലമെന്നോണം ഹൃദയമിടിപ്പ് അസാധാരണമായ നിലയിലെത്തി. തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഷില്ലെര്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനായി.

തുടര്‍ന്ന് അനിയന്‍ ഹാരിസിനും മാതാപിതാക്കളായ സാറക്കും ഡാമിയനുമൊപ്പം ജീവിതത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഷില്ലെര്‍. പോരാത്തതിന് അവന്റെ ഏഴാം പിറന്നാളും ഇങ്ങെത്തി. ഷില്ലെറുടെ ക്രിക്കറ്റ് സ്‌നേഹം അറിഞ്ഞ് കോച്ച് ലാംഗര്‍ അവനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. ടീമില്‍ ഇടം നല്‍കാമെന്ന് ഉറപ്പും നല്‍കി. മേക്ക് എ വിഷ് എന്ന സംഘടനയുമായി ചേര്‍ന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആര്‍ച്ചി ഷില്ലെറിന്റെ ആഗ്രഹം സഫലമാക്കി നല്‍കിയിരിക്കുന്നത്. 

ടീമിലെ പുതിയ ഓപ്പണറായ മാര്‍ക്കസ് ഹാരിസിനെപ്പോലെ ഷില്ലെറെയും ടീമിലെ പുതുമുഖമായി കണക്കാക്കി കൂടെ കൊണ്ടു നടക്കുകയാണ് ഇപ്പോള്‍ ഓസീസ് ടീം. കോച്ച് പറഞ്ഞതനുസരിച്ച് ബോക്‌സിങ് ഡേ ടെസ്റ്റില്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടാനുള്ള കഠിന പരിശീലനത്തിലാണ് ഷില്ലെര്‍ ഇപ്പോള്‍. ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ്.

Content Highlights: virat kohli gets warning from six year old australian leg spinner archie schiller