ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും മികച്ച ഫോമിലുള്ള വിരാട് കോലിയെ പ്രശംസിച്ച് പാക് താരങ്ങള്‍. പാകിസ്താന്റെ മുന്‍ താരങ്ങളായ വസീം അക്രം, ഷുഐബെ അക്തര്‍, സഖ്‌ലൈന്‍ മുഷ്താഖ് എന്നിവര്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് കോലിയെ പ്രശംസ കൊണ്ട് മൂടിയത്.

കൂറ്റന്‍ സ്‌കോറുകള്‍ പിന്തുടരുന്നതില്‍ കോലി കാണിക്കുന്ന മനോവീര്യത്തെ പ്രശംസിച്ച താരങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഫിറ്റ്‌നെസ്സിലും തൃപ്തരാണ്. കോലിയുടെ ഭക്ഷണരീതി ക്രിക്കറ്റ് താരങ്ങള്‍ മാതൃകയാക്കേണ്ടതാണെന്നും കോലി ഊര്‍ജ്ജസ്വലനായ വ്യക്തിയാണെന്നുമാണ് സഖ്‌ലൈന്‍ മുഷ്താഖിന്റെ അഭിപ്രായം. 

കോലിയടക്കമുള്ള യുവതാരങ്ങള്‍ സീനിയര്‍ കളിക്കാരില്‍ നിന്ന് ഉപദേശം തേടുന്നതില്‍ ഒരു മടിയും കാണിക്കാത്തതാണ് വസീം അക്രത്തിനെ ആകര്‍ഷിച്ച ഘടകം. ബാറ്റിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിയാനായി സുനില്‍ ഗവാസക്കറിനടുത്ത് യുവതാരങ്ങള്‍ ഇപ്പോഴുമെത്താറുണ്ടെന്ന് വസീം അക്രം പറഞ്ഞു. എന്നാല്‍ പാക് യുവതാരങ്ങള്‍ ഇക്കാര്യത്തില്‍ പിന്നിലാണെന്നും അക്രം ചൂണ്ടിക്കാട്ടി. 

വലിയ സ്‌കോറുകള്‍ പിന്തുടര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനിയ കോലി നേടിയ 17 സെഞ്ചുറികള്‍ വിലമതിക്കാനാകാത്തതാണെന്നാണ് ഷുഐബ് അക്തറിന്റെ അഭിപ്രായം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് കോലിയുടെ യഥാര്‍ത്ഥ മനോവീര്യം പുറത്തു വരുന്നതെന്നും അക്തര്‍ പറഞ്ഞു.