Image Courtesy: Getty Images
വെല്ലിങ്ടണ്‍: ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലെയും മികച്ച ബാറ്റ്സ്മാന് വിരാട് കോലിയാണെന്ന് ന്യൂസീലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് പറഞ്ഞതിനു പിന്നാലെ കിവീസ് മണ്ണില്‍ വീണ്ടും നിരാശപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍.
ക്രിക്കറ്റിന്റെ രണ്ടു ഫോര്‍മാറ്റിലെയും ഒന്നാം റാങ്കുകാരനായ കോലിക്ക് വെല്ലിങ്ടണ്‍ ടെസ്റ്റില്‍ അതിജീവിക്കാനായത് വെറും ആറു പന്തുകള്‍ മാത്രം. നേരിട്ട ഏഴാം പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ കെയ്ല്‍ ജാമിസണ് പറഞ്ഞയച്ചു. വെറും രണ്ടു റണ്‍സാണ് കോലിക്ക് നേടാനായത്.
കിവീസ് മണ്ണില്‍ കോലിയുടെ മോശം ഫോം തുടരുന്നതാണ് വെള്ളിയാഴ്ച വെല്ലിങ്ടണില്‍ കണ്ടത്. മൂന്നു ഫോര്‍മാറ്റിലുമായി കിവീസ് മണ്ണില്‍ കളിച്ച എട്ട് ഇന്നിങ്സുകളില്‍ നിന്ന് കോലിയുടെ പേരിലുള്ളത് ഒരു അര്‍ധ സെഞ്ചുറി മാത്രമാണ്.
2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ 136 റണ്‍സെടുത്ത ശേഷം തുടര്‍ന്ന് ഇതുവരെയുള്ള 19 രാജ്യാന്തര ഇന്നിങ്സുകളില്‍ കോലിക്ക് മൂന്നക്കം കാണാന്‍ സാധിച്ചിട്ടില്ല. 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം കരിയറില്‍ കോലി ഇത്രയും മോശം ഫോമിലാകുന്നത് ഇതാദ്യമാണ്.

രാജ്യാന്തര ക്രിക്കറ്റില്‍ 11 വര്‍ഷം പൂര്‍ത്തിയാക്കിയ കോലിയുടെ കരിയര്‍ മുന്‍പ് ഇത്തരമൊരു സെഞ്ചുറി വരള്‍ച്ച നേരിട്ടത് രണ്ടു തവണ മാത്രമാണ്. 2011 ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായ 24 ഇന്നിങ്സുകളാണ് കോലി മൂന്നക്കം കടക്കാതെ പിന്നിട്ടത്. 2011 ലോകകപ്പ് സമയത്ത് 48 റണ്‍സിനു മുകളിലുണ്ടായിരുന്ന താരത്തിന്റെ ബാറ്റിങ് ശരാശരി ഇതോടെ 39-ലേക്ക് വീണു.
അടുത്ത മോശം സമയം വരുന്നത് 2014-ല്‍. ഫെബ്രുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടെ 25 ഇന്നിങ്സുകളാണ് ഒരു സെഞ്ചുറി പോലുമില്ലാതെ കോലി പിന്നിട്ടത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ ഓഫ് സ്റ്റമ്പ് കെണിയൊരുക്കിയപ്പോള്‍ അഞ്ചു ടെസ്റ്റുകളില്‍ നിന്ന് കോലിക്ക് നേടാനായത് വെറും 134 റണ്‍സ് മാത്രമായിരുന്നു. താരത്തിന്റെ ഈ മോശം ഫോം അന്ന് ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
സെഞ്ചുറിയുടെ കാര്യത്തില്‍ മാത്രമല്ല അര്‍ധ സെഞ്ചുറികളുടെ കാര്യത്തിലും കോലി ഇപ്പോള്‍ പിന്നിലാണ്. കഴിഞ്ഞ 19 ഇന്നിങ്സില്‍ കോലിക്ക് സ്വന്തമാക്കാനായത് വെറും ആറ് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ്. 2014 മോശം കാലയളവിലും കോലിയുടെ അക്കൗണ്ടില്‍ ആറ് അര്‍ധ സെഞ്ചുറികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2011-ല്‍ നാലെണ്ണവും.
Content Highlights: Virat Kohli enduring worst batting run since 2014
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..