സെഞ്ചൂറിയന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളാണ് വിരാട് കോലി. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമായി ക്രിക്കറ്റ് ആരാധകര്‍ താരതമ്യം ചെയ്യുന്ന കോലി ഇന്ത്യയുടെ റണ്‍ മെഷീനാണ്. സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമായി കളം നിറയുന്ന കോലിയുടെ ചിറകില്‍ ഇന്ത്യ നിരവധി മത്സരങ്ങളില്‍ വിജയക്കൊടി പാറിച്ചു.

സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിനെ മറികടന്ന് കോലി ലോകറെക്കോഡ് നേടുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് നായകന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല. സെഞ്ചുറിയില്ലാതെ കോലി തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. 2020-ലും 2021-ലും താരത്തിന് ഒരു ഫോര്‍മാറ്റിലും മൂന്നക്കം കാണാനായില്ല. 

കോലിയുടെ അവസാന സെഞ്ചുറി പിറന്നത് 2019-ല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ്. പിന്നീട് നിരവധി മത്സരങ്ങള്‍ കളിച്ചെങ്കിലും സെഞ്ചുറി മാത്രം അകന്നുനിന്നു. 

മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തി. നായകനായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ കോലി പഴയ ഫോമിന്റെ അടുത്തെങ്ങുമില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 18 റണ്‍സും മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായത്. 

98 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 27 സെഞ്ചുറികള്‍ നേടിയ കോലി 254 ഏകദിന മത്സരങ്ങളില്‍ നിന്ന് 43 സെഞ്ചുറികളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ കോലി മൂന്നാമതാണ്. 70 സെഞ്ചുറികളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. സച്ചിന്‍ (100), റിക്കി പോണ്ടിങ് (71) എന്നിവരാണ് കോലിയുടെ മുന്നിലുള്ളത്. 

Content Highlights: Virat Kohli Ends Second Straight Year Without Any International Ton