ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് റദ്ദാക്കുന്നതിന്റെ തലേദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബി.സി.സി.ഐയ്ക്ക് ഇ-മെയില്‍ അയച്ചിരുന്നതായി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് ഗോവര്‍. ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപിസ്റ്റ് യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമംഗങ്ങളുടെ മാനസികാവസ്ഥ വിവരിച്ച് അര്‍ധ രാത്രിയാണ് കോലി മെയില്‍ ചെയ്തതെന്നും ഗോവര്‍ വ്യക്തമാക്കുന്നു. 

മത്സരങ്ങള്‍ ഉപേക്ഷിക്കുന്നത് സാധാരണമാണ്. എന്നാല്‍ കുറച്ച് ഓവര്‍ എങ്കിലും കളിച്ച ശേഷമാണ് ഉപേക്ഷിക്കുക. പക്ഷേ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ സംഭവിച്ചത് അതല്ല. അവസാന നിമിഷമാണ് ടെസ്റ്റ് റദ്ദ് ചെയ്തത്. അതിനു തലേ ദിവസം അര്‍ധരാത്രി കോലി ബി.സി.സി.ഐയ്ക്ക് മെയില്‍ അയക്കുകയും ചെയ്തു.

ഒന്നാം ദിവസത്തെ മത്സരം കാണാന്‍ ഞാനും മാഞ്ചസ്റ്ററിലെത്തിയിരുന്നു. കളി ആസ്വദിക്കുന്നതിനൊപ്പം മത്സരത്തെ കുറിച്ചും ആതിഥേയത്വത്തെ കുറിച്ചും കാണികളോട് സംസാരിക്കാമെന്നും ഞാന്‍ കരുതി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ സാഹചര്യങ്ങളെല്ലാം മാറിയിരുന്നു. മത്സരം റദ്ദു ചെയ്തു എന്നാണ് അറിഞ്ഞത്-ക്രിക്കറ്റ് ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ഗോവര്‍ പറയുന്നു.

ടോസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയത്. ഒന്നാം ദിവസത്തെ മത്സരം മാറ്റിവെച്ചതായാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. ഇതിനു പിന്നാലെയാണ് മത്സരം തന്നെ റദ്ദാക്കിയതായി ഇസിബി വ്യക്തമാക്കിയത്. 

നേരത്തെ ഓവലില്‍ നടന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബൗളിങ് കോച്ച് ഭരത് അരുണും ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധറും കോവിഡ് പോസിറ്റീവായി.  

Content Highlights: Virat Kohli e-mailed BCCI at midnight before Manchester Test cancellation claims David Gower