കോലിയാരാ മോന്‍ എന്ന് ചോദിപ്പിക്കുംവിധം ഒരിക്കല്‍ കൂടി വിരാട് 'വണ്ടറി'ന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സാക്ഷിയായി. നാഗ്പുരില്‍ ഇരട്ടശതകം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കോലി ന്യൂഡല്‍ഹി ഫിറോസ്ഷാ കോട്‌ലയിലും കാണികള്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കിയത്. ലങ്കന്‍ ബൗളര്‍ സുരംഗ ലക്മലിന്റെ പന്തില്‍ ഡബിളെടുത്ത് ഡബിള്‍ സെഞ്ചുറിയിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന് മുന്നില്‍ ഒരുപിടി റെക്കോഡുകളും വഴിമാറി.

ആറു ഇരട്ടസെഞ്ചുറി അക്കൗണ്ടിലുള്ള ഏക ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് കോലി സ്വന്തം പേരില്‍ കുറിച്ചത്. നേരത്തെ നാഗ്പുരില്‍ ഡബിള്‍ അടിച്ചപ്പോള്‍ തന്നെ ബ്രയാന്‍ ലാറയുടെ ആറു സെഞ്ചുറിയെന്ന റെക്കോഡിനൊപ്പം ഇന്ത്യന്‍ ക്യാപ്റ്റനെത്തിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ഇരട്ടസെഞ്ചുറിയുടെ എണ്ണത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വീരേന്ദര്‍ സെവാഗിനുമൊപ്പമെത്താന്‍ കോലിക്ക് കഴിഞ്ഞു. ഇതോടെ അഞ്ച് ഇരട്ടസെഞ്ചുറിയുള്ള ദ്രാവിഡ് കോലിക്ക് പിന്നിലായിപ്പോകുകയും ചെയ്തു. 

തുടര്‍ച്ചയായി രണ്ട് ഇരട്ടസെഞ്ചുറി നേടുന്ന ലോകത്തെ നാലാമത്തെ ബാറ്റ്‌സ്മാനാണ് കോലി. രണ്ടാമത്തെ ഇന്ത്യക്കാരനും. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 52 സെഞ്ചുറി പൂര്‍ത്തിയാക്കിയ കോലി അതിനെടുത്തത് 350 ഇന്നിങ്‌സാണ്. ഇത്രയും വേഗത്തില്‍ 52 സെഞ്ചുറി പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാനെന്ന റെക്കോഡും ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിനൊപ്പം ചേര്‍ന്നു. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ പേരിലുള്ള 378 ഇന്നിങ്‌സെന്ന റെക്കോഡാണ് കോലി തകര്‍ത്തത്. 

ഒപ്പം ടെസ്റ്റില്‍ 5000 റണ്‍സും പൂര്‍ത്തിയാക്കിയ ഇരുപത്തിയൊമ്പതുകാരന്‍ വേഗത്തില്‍ 5000 ക്ലബ്ബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരവുമായി. 105 ഇന്നിങ്‌സാണ് ഇതിനായി കോലിയെടുത്തത്. കൂടാതെ ക്യാപ്റ്റനെന്ന നിലയില്‍ 3000 റണ്‍സും കോലി പൂര്‍ത്തിയാക്കി. ഇതിന് മുമ്പ് എം.എസ് ധോനിയും സുനില്‍ ഗവാസ്‌ക്കറും മാത്രമേ ക്യാപ്റ്റനെന്ന നിലയില്‍ 3000 റണ്‍സ് പിന്നിട്ടിട്ടൂള്ളു. 

Content Highlights: Virat Kohli Double Century Record Rahul Dravid Brian Lara India vs Sri Lanka Test Cricket