ന്യൂഡല്‍ഹി: ഇരട്ടച്ചങ്കന്‍ വിരാട് കോലിയുടെ മികവില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇരട്ടസെഞ്ചുറി കണ്ടെത്തിയ മത്സരത്തില്‍ ഏഴു വിക്കറ്റിന് 536 റണ്‍സെടുത്തു നില്‍ക്കെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 287 പന്തില്‍ 25 ഫോറിന്റെ അകമ്പടിയോടെ 243 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ബാറ്റിങ് തകർച്ച നേരിടുകയാണ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു നിൽക്കുകയാണ് സന്ദർശകർ.

 ഓപ്പണർ കരുണരത്നെ പൂജ്യത്തിന് പുറത്തായപ്പോൾ ദിൽരുവൻ പെരേര 42 റൺസെടുത്തും ധനഞ്ജയ ഡിസിൽവ ഒരു റണ്ണെടുത്തും പുറത്തായി. 57 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസും 25 റൺസെടുത്ത ക്യാപ്റ്റൻ ചാണ്ഡിമലുമാണ് ക്രീസിൽ.

തുടര്‍ച്ചയായി  രണ്ടാമത്തെയും കരിയറില്‍ ആറാമത്തെയും ഇരട്ടസെഞ്ചുറിയാണ് കോലി ഫിറോസ്ഷാ കോട്ലയില്‍ പൂര്‍ത്തിയാക്കിയത്. 102 പന്തില്‍ 65 റണ്‍സുമായി രോഹിത് ശര്‍മ്മ കോലിക്ക് പിന്തുണ നല്‍കി.

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ വേഗത്തില്‍ 100 റണ്‍സ് പിന്നിട്ടു. കോലിയും രോഹിതും ഏകദിന ശൈലിയില്‍ ബാറ്റുവീശി സ്‌കോറിങ് വേഗത കൂട്ടുകയായിരുന്നു. രോഹിതിനെ സന്ദാകന്‍ പുറത്താക്കിയതോടെ ക്രീസിലെത്തിയ അശ്വിന്‍ നാല് റണ്‍സെടുത്ത് മടങ്ങി. പിന്നീട് കോലിയെ സന്ദാകന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ ഒമ്പത് റണ്‍സുമായി വൃദ്ധിമാന്‍ സാഹയും അഞ്ചു റണ്‍സുമായി രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 42 റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. 23 റണ്‍സെടുത്ത ശിഖര്‍ ധവാനെ പെരേര പുറത്താക്കുകയായിരുന്നു. പിന്നീട് ചേതേശ്വര്‍ പൂജാരയും ക്രീസ് വിട്ടു. 23 റണ്‍സ് തന്നെയായിരുന്നു പൂജാരയുടെയും സമ്പാദ്യം. 

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ വിരാട് കോലിയും മുരളി വിജയും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്ന്ങ്‌സിന് അടിത്തറ നല്‍കിയത്. ഇരുവരും 283 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 267 പന്തില്‍ 13 ഫോറിന്റെ അകമ്പടിയോടെ 155 റണ്‍സ് അടിച്ചെടുത്ത മുരളി വിജയെ സന്ദാകന്‍ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ രഹാനെ ഒരു റണ്ണെടുത്ത് പെട്ടെന്ന് ക്രീസ് വിട്ടു. 

ആദ്യ ടെസ്റ്റ് സമനിലയിലായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യക്ക് പരമ്പര വിട്ടു നല്‍കാതിരിക്കാന്‍ ലങ്കക്ക് ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

Content Highlights: Virat Kohli Double Century India vs SriLanka Test Cricket