മുംബൈ: നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് വിരാട് കോലി. 2008ല്‍ ഏകദിനത്തിലും 2010ല്‍ ടിട്വന്റിയിലും അരങ്ങേറ്റം കുറിച്ച കോലി ഇന്ത്യയുടെ ജഴ്‌സി അണിയാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷത്തിലധികമായിരിക്കുന്നു. ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട നിമിഷം കോലിയെ സംബന്ധിച്ച് പ്രത്യേകത നിറഞ്ഞതാണ്. ജീവിതത്തിലെ ആ സ്വപ്‌ന നിമിഷം എങ്ങനെയായിരുന്നുവെന്ന് കോലി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ആ സമയത്ത് അമ്മയോടൊപ്പമിരുന്ന് ടി.വി കാണുകയായിരുന്നു ഞാന്‍. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത ടി.വിയില്‍ കണ്ടു. സ്‌ക്രീനില്‍ എന്റെ പേര് തെളിഞ്ഞപ്പോള്‍ അത് അഭ്യൂഹമായിരിക്കുമെന്ന് ഞാന്‍ കരുതി. അത് കാര്യമായെടുത്തില്ല. എന്നാല്‍ അഞ്ചു മിനിറ്റിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് എന്നെ തേടി ഒരു ഫോണ്‍ കോളെത്തി. അതോടെ ഞാന്‍ ഇന്ത്യന്‍ ജഴ്‌സി അണിയാന്‍ പോകുന്നുവെന്ന കാര്യം ഉറപ്പായി. ആ ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ എനിക്ക് തന്നെ വിശ്വസിക്കാനായില്ല. ഞാനാകെ വിറക്കുന്നുണ്ടായിരുന്നു. കോലി അഭിമുഖത്തില്‍ പറയുന്നു.

ആദ്യമായി ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ ചെന്നപ്പോള്‍ സംഭവിച്ചതെന്താണെന്നും കോലി അഭിമുഖത്തില്‍ പറയുന്നുണ്ട്. ടീം മീറ്റിങ്ങിന് ചെന്നപ്പോള്‍ എന്നോട് ടീം റൂമില്‍ വെച്ച് ഒരു പ്രസംഗം നടത്താന്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരങ്ങള്‍ മുന്നില്‍ സംസാരിക്കാന്‍ പറഞ്ഞതോടെ ഞാനാകെ പേടിച്ചു പോയി. പുതുമുഖങ്ങള്‍ വരുമ്പോള്‍ അവരുടെ പേടി മാറ്റാന്‍ കൊടുക്കുന്ന ടാസ്‌ക് ആയിരുന്നു അത്. ഇപ്പോഴും പുതുമുഖങ്ങള്‍ വരുമ്പോള്‍ ഇങ്ങനെ പ്രസംഗിക്കാന്‍ പറയാറുണ്ട്. കോലി പറയുന്നു.

ശാരീരിക ക്ഷമതയെ കുറിച്ചും കോലി അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരാളുടെ ശാരീരികക്ഷമത കൂടുമ്പോള്‍ അതയാളെ കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ കാണാനും മനസിലാക്കാനും പ്രാപ്തരാക്കും. എന്റ ശാരീരിക ക്ഷമതയില്‍ മാറ്റം സംഭവിച്ചപ്പോള്‍ കൂടുതല്‍ നന്നായി ചിന്തിക്കാനും, ഉറച്ച തീരുമാനങ്ങളെടുക്കാനും  അത് സഹായിച്ചു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാനും, വീഡിയോ ഗെയിമുകള്‍ കളിക്കാനും, പഠിക്കാനും അതിന്റെതായ സമയം മാറ്റിവെയ്ക്കണം. കോലി പറയുന്നു. 

Content Highlights: Virat Kohli Discloses Indian Team Selection Cricket