Photo: AFP
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാവി വലിയൊരു ചോദ്യച്ചിഹ്നമായി ഇന്ത്യന്‍ ക്രിക്കറ്റിനുമുന്നില് നില്‍ക്കുകയാണ്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാതിരുന്നതോടെ, ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കോലി കളിക്കുമോയെന്ന സംശയം ബാക്കിനില്ക്കുന്നു. ഹെല്മെറ്റൂരി, ബാറ്റുയര്‍ത്തി കോലി ക്രീസില്‍നിന്ന് ആരാധകരെ അഭിവാദ്യംചെയ്യുന്നത് കണ്ടിട്ട് മൂന്നുവര്‍ഷമാകുന്നു. ഒരു കളിക്കാരന് ഇത്രകാലം ഫോമൗട്ടാവുക എന്നത് അവിശ്വസനീയം. കോലിയായതുകൊണ്ട് മാത്രമാണ് ഇപ്പോഴും ടീമില്‍ തുടരുന്നത്.
വിന്‍ഡീസ് പര്യടനത്തില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ഓഗസ്റ്റ് അവസാനം നടക്കുന്ന ഏഷ്യാകപ്പില്‍ ടീമിലുണ്ടാകുമെന്ന് ബി.സി.സി.ഐ. കോലിയ്ക്ക് ഉറപ്പ് നല്‍കിയെന്നാണ് സൂചന. ഇവിടെ ഫോമിലേക്ക് തിരിച്ചെത്തിയാല്‍ ലോകകപ്പ് ടീമിലെത്താനാവും. വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് കോലി സ്വയം മാറിയതാണെന്നാണ് ബി.സി.സി.ഐ. പറയുന്നത്. ഇംഗ്ലണ്ടിനെതിരേ കളിച്ച രണ്ട് ട്വന്റി 20കളിലും കോലി പരാജയമായിരുന്നു. 1, 11 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍.
കോലിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് സമീപദിവസങ്ങളില്‍ ഒട്ടേറെ കമന്റുകള്‍ വന്നുകഴിഞ്ഞു. അതില്‍ച്ചിലത്...
കോലി ഒരു വഴി കണ്ടെത്തണം
കോലി വലിയ പ്രതിഭയാണ്. കഠിനമായ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം നിലവാരത്തെക്കുറിച്ചുള്ള ബോധ്യം കോലിക്കുതന്നെയാണുള്ളത്. ഈ സാഹചര്യം മറികടക്കുന്നതിനുള്ള ഒരു വഴി അദ്ദേഹംതന്നെ കണ്ടെത്തണം. കോലി തിരിച്ചുവരുമെന്നും വീണ്ടും ധാരാളം റണ്‍സ് കണ്ടെത്തുമെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ 12-13 വര്‍ഷമായി അദ്ദേഹം നല്ലനിലയില്‍ തുടരുന്നു, കോലിക്ക് മാത്രം കഴിയുന്ന കാര്യമാണിത്. - - സൗരവ് ഗാംഗുലി, ബി.സി.സി.ഐ. പ്രസിഡന്റ്
എന്തിനാണീ വിവാദം
എന്തിനാണ് കോലിയെച്ചൊല്ലി ഈ വിവാദം? എനിക്ക് മനസ്സിലാവുന്നില്ല. എത്രയോ കാലമായി അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നു, എത്രയോ മത്സരങ്ങള്‍ പിന്നിട്ടു. മഹാനായ താരമാണ് കോലി. വന്നുംപോയുമിരിക്കുന്ന ഫോം ഒരു ക്രിക്കറ്ററുടെ കരിയറില്‍ സംഭവിക്കുന്നതാണ്. ഒന്നോ രണ്ടോ മികച്ച ഇന്നിങ്സുകള്‍ മതി കോലിയുടെ മടങ്ങിവരവിന്. ക്രിക്കറ്റിനെ പിന്തുടരുന്നവര്ക്കെല്ലാം ഈ അഭിപ്രായം ആയിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. - രോഹിത് ശര്‍മ, ഇന്ത്യന്‍ ക്യാപ്റ്റന്‍
മാര്‍ക്കറ്റാണ് പ്രശ്നം
ലോകത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ക്രിക്കറ്റ് താരം വിരാട് കോലിയാണ്. സച്ചിന് തെണ്ടുല്‍ക്കര്‍ക്കു ശേഷം ആ സ്ഥാനത്ത് എത്തിയയാള്‍. കോലി കളിക്കുന്നത് കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. മികച്ച ആരാധകപിന്തുണയുണ്ട്. കോലി കളിക്കുന്നുണ്ടെങ്കില്‍ സ്റ്റേഡിയം നിറയെ സ്പോണ്‍സര്‍മാരാണ്. ഇത് മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും പണംനല്‍കുന്നു. ഇങ്ങനെ, വരുമാനത്തിന്റെ കാര്യം വരുമ്പോഴാണ്, കോലിയെ ടീമില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ബി.സി.സി.ഐ. മടിക്കുന്നത്. ലോകകപ്പുകള്‍ അടുത്തെത്തിനില്‍ക്കെ, ബി.സി.സി.ഐ. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. - മോണ്ടി പനേസര്‍, മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം
ഫോമിലേക്കു മടങ്ങിയെത്തും
പുറത്തെ കോലാഹലങ്ങള്‍ മാറ്റിനിര്‍ത്താം. സഹതാരങ്ങളും ടീം മാനേജ്മെന്റും സെലക്ടര്‍മാരും എത്രമാത്രം പിന്തുണ നല്കുന്നു എന്നതാണ് പ്രധാനം. കോലിയുടെ കാര്യമെടുത്താല്‍, അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് ചെയ്ത സേവനങ്ങളും പരിഗണിക്കപ്പെടും. അപ്പോള്‍, ഫോമിലെത്താന്‍ അധിക അവസരങ്ങള്‍ അദ്ദേഹത്തിന് കൊടുക്കേണ്ടിവരും. 33-ാം വയസ്സിലും കോലിക്ക് പൂര്‍ണ ശാരീരികക്ഷമതയുണ്ട്. ഒരു മാസമോ മറ്റോ വിശ്രമത്തിനുശേഷം തിരിച്ചെത്തിയാല്‍, കോലി വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. - ആശിഷ് നെഹ്റ, മുന്‍ ഇന്ത്യന്‍ താരം
ഇതും കടന്നുപോകും
കോലിയുടെ കഠിനകാലം എനിക്ക് മനസ്സിലാക്കാനാവും. അദ്ദേഹത്തിന് പിന്തുണ വേണ്ട സമയമാണ്. ഞാന്‍ അദ്ദേഹത്തിന് ട്വീറ്റ് ചെയ്തിരുന്നു. ഈ കാലവും കടന്നുപോകും എന്ന് പറഞ്ഞു. കോലി ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ്. ഫോം വീണ്ടെടുക്കാന്‍ സമയമെടുത്തേക്കാം. പക്ഷേ, നമ്മള് അദ്ദേഹത്തെ പിന്തുണയ്ക്കണം. - ബാബര്‍ അസം, പാകിസ്താന് ക്യാപ്റ്റന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..