ഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിരാട് കോലിയുടെ സ്ഥിരതയാര്‍ന്ന പ്രകടനവും അക്രമണോത്സുകതയുമാണ് ഇന്ത്യന്‍ ടീമിന്റെ മുഖമുദ്ര. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഏഴു ഏകദിന പരമ്പര വിജയവുമെല്ലാം കോലി ഇന്ത്യയെ ശരിയായ ദിശയിലാണ് നയിക്കുന്നതിന്റെ എന്നതിന്റെ തെളിവുകളാണ്. 
 
കളിയില്‍ മാത്രമല്ല, കളിക്കളത്തിലെ വാഗദ്വങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനും കോലി മിടുക്കനാണ്. എന്നാല്‍ കോലിയുടെ ഈ അക്രമണോത്സുകത ഒരാള്‍ക്ക് ഇഷ്ടമല്ല. ഓസ്ട്രേലിയയുടെ മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആഡം ഗില്‍ക്രിസ്റ്റിന്. യുവതാരങ്ങള്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്നതല്ല കോലിയുടെ ഗ്രൗണ്ടിലെ ഇടപെടല്‍ എന്നാണ് ഗില്‍ക്രിസ്റ്റിന്റെ അഭിപ്രായം.

'ഞാന്‍ കോലിയുടെ ടീമിലാണെങ്കില്‍ അദ്ദേഹത്തെ പോലെയാവാന്‍ എനിക്കാവില്ല. നമ്മുടെ ചിന്താഗതിക്കും വിശ്വാസത്തിനും അനുസരിച്ചേ നമുക്ക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കാനാകൂ. എന്റേയും കോലിയുടെയും ചിന്താഗതി സമാനമല്ല. പക്ഷേ ഗ്രൗണ്ടില്‍ കോലിയെപ്പോലെ അല്ലാത്തവരൊക്കെ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞതിന് അര്‍ത്ഥമില്ല' ഗില്‍ക്രിസ്റ്റ് പറയുന്നു.

മനസ്സുറപ്പില്ലാത്ത രീതിയിലാണ് ഗ്രൗണ്ടില്‍ ധൈര്യം ഭാവിക്കുന്നതെങ്കില്‍ അത് നിങ്ങളെ ഒരു സമയത്ത് വീഴ്ത്തിക്കളയും. നിങ്ങളുടെ അഭിനയം ഒരിക്കല്‍ പിടിക്കപ്പെടും. ഗില്‍ക്രിസ്റ്റ് പറയുന്നു.  അക്രമോണത്സുകത നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ടതാണെന്നും അല്ലാതെ ഒരാളെ അനുകരിച്ചുണ്ടാക്കേണ്ടതല്ലെന്നും യുവതലമുറ മനസ്സിലാക്കണമെന്നും ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി.

നേരത്തെ രാഹുല്‍ ദ്രാവിഡും ഗില്‍ക്രിസ്റ്റന്റെ അഭിപ്രായത്തിന് സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു. ക്രിക്കറ്റിലെ പുതുതലമുറ കരിയറിന്റെ തുടക്കത്തില്‍ തന്നെ കോലിയെ അനുകരിക്കാന്‍ ശ്രമിക്കുന്നത് അവരുടെ വളര്‍ച്ചയെ ബാധിക്കുമെന്നായിരുന്നു ദ്രാവിഡ് വ്യക്തമാക്കിയിരുന്നത്.

Content Highlights: Virat Kohli, Adam Gilchrist, Cricket, Indian Cricket