മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ ആധികാരിക ജയം നേടിയിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ വെടിക്കെന്ന് ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

52 പന്തില്‍ നാല് ഫോറും മൂന്നു സിക്സുമടക്കം 72 റണ്‍സെടുത്ത് കോലി പുറത്താകാതെ നിന്നു. ഇപ്പോഴിതാ തന്റെ ഈ പ്രകടനത്തിനു പിന്നില്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകളാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

മത്സരത്തിന്റെ ടോസിനിടെ കോലിയുടെ മികച്ച ട്വന്റി 20 ഇന്നിങ്‌സുകളിലൊന്ന് പിറന്നത് ഇതേ മൈതാനത്തായിരുന്നുവെന്ന് മഞ്ജരേക്കര്‍ താരത്തോട് പറഞ്ഞു. 2016-ലെ ട്വന്റി 20 ലോകകപ്പില്‍ ഓസീസിനെതിരേ നടന്ന മത്സരത്തെ കുറിച്ചാണ് മഞ്ജരേക്കര്‍ പറഞ്ഞത്. 

അന്ന് ഓസീസിനെതിരേ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 51 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത കോലിയുടെ മികവില്‍ വിജയം നേടിയിരുന്നു. അന്ന് അദ്ദേഹം അഞ്ചാം വിക്കറ്റില്‍ ധോനിക്കൊപ്പം 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.

മഞ്ജരേക്കര്‍ ഇക്കാര്യം ഓര്‍മിപ്പിച്ചത് തനിക്ക് പ്രചോദനമായെന്ന് മത്സര ശേഷം കോലി വെളിപ്പെടുത്തി. ടീമിനു വേണ്ടി അതുപോലെ ഒരു മത്സരം കളിക്കുന്നത് എപ്പോഴും ഒരു വൈകാരിക അനുഭവം സമ്മാനിക്കുമെന്നും കോലി കൂട്ടിച്ചേര്‍ത്തു.

മൊഹാലിയിലെ വെടിക്കെട്ട് പ്രകടനത്തോടെ രോഹിത് ശര്‍മയെ മറികടന്ന് കോലി രാജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. 71 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് കോലിയുടെ റണ്‍നേട്ടം 2441 ആയി. 50.85 ശരാശരിയിലാണ് താരത്തിന്റെ റണ്‍വേട്ട. രാജ്യാന്തര ട്വന്റി 20-യില്‍ ഇതുവരെ ഒരു സെഞ്ചുറി പോലും നേടിയിട്ടില്ലാത്ത കോലിയുടെ അക്കൗണ്ടില്‍ 22 അര്‍ധ സെഞ്ചുറികളുണ്ട്.

Content Highlights: Virat Kohli Credits Sanjay Manjrekar For Motivating Him During Mohali T20