സതാംപ്റ്റൺ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മഴയിൽ കുതിർന്ന് തടസ്സപ്പെടുമ്പോൾ ആരാധകർക്ക് ആശ്വസിക്കാനുണ്ടായിരുന്നത് വിരാട് കോലിയുടെ കവർ ഡ്രൈവും ഇന്ത്യൻ ഓപ്പണർമാരുടെ സാങ്കേതിക മികവുമാണ്. ആദ്യ ദിവസം മഴയിൽ ഒലിച്ചുപോയപ്പോൾ രണ്ടാം ദിനത്തിൽ കുറച്ചുസമയം മത്സരം നടന്നു. കിവീസ് ബൗളർമാരുടെ ഷോർട്ട് പിച്ച് ഡെലിവറികൾ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും മനോഹരമായാണ് നേരിട്ടത്. ഇരുവരുടേയും ഈ മികവിന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈന്റെ കൈയടിയും കിട്ടി.

രോഹിതിനേയും ഗില്ലിനേയും പോലെ ഷോർട്ട് പിച്ച് പന്തുകളെ നേരിട്ട ഒരു ഇന്ത്യൻ ഓപ്പണിങ് സഖ്യം തന്റെ ഓർമയിൽ ഇല്ലെന്നായിരുന്നു നാസർ ഹുസൈന്റെ കമന്റ്. സാങ്കേതിക മികവ് കാണിച്ച അവരുടെ ബാറ്റിങ്ങിനെ കുറിച്ച് ട്വീറ്റ് ചെയ്യാൻ തുടങ്ങവെ ഇരുവരും ഔട്ടായെന്നും നാസർ ഹുസൈൻ പറയുന്നു. രോഹിത് 68 പന്തിൽ 34 റൺസെടുത്തപ്പോൾ 64 പന്തിൽ നിന്ന് 24 റൺസാണ് ഗിൽ അടിച്ചെടുത്തത്.

നീൽ വാഗ്നറുടെ പന്തിൽ കോലി നേടിയ കവർ ഡ്രൈവാണ് ആരാധകരുടെ മനം കവർന്ന മറ്റൊരു കാഴ്ച്ച. വാഗ്നറുടെ ഹാഫ് വോളിയിലായിരുന്നു കോലിയുടെ ക്ലാസിക് കവർ ഡ്രൈവ്. കവർ ഡ്രൈവ് കലയാണെങ്കിൽ കോലി പിക്കാസോയാണെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.

Virat Kohli Cover Drive India vs New Zealand World Test Championship Final