Image Courtesy: Getty Images
ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുന്നത് പതിവാണ്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലെയും സ്ഥിരതയാര്‍ന്ന പ്രകടനവും റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള കഴിവും കോലിയെ സച്ചിന്റെ റെക്കോഡുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന താരമാക്കി വളര്‍ത്തി. നിശ്ചിത ഓവര്‍ മത്സരങ്ങളിലെ റണ്‍ ചേസിങ് മികവും ആക്രമണ ബാറ്റിങ്ങും കോലിയെ സാക്ഷാല്‍ വിവ് റിച്ചാര്‍ഡ്‌സുമായും ഇയാന്‍ ചാപ്പലുമായും താരതമ്യം ചെയ്യാനും കാരണമായി. പലപ്പോഴും സമകാലികനായ സ്റ്റീവ് സ്മിത്തുമായും കോലിയെ താരതമ്യം ചെയ്യുന്നതും പതിവാണ്.
എന്നാലിപ്പോഴിതാ മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ആമെര്‍ സൊഹൈല്‍ കോലിയെ താരതമ്യം ചെയ്തിരിക്കുന്നത് പാകിസ്താന്റെ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദുമായിട്ടാണ്.
''ഇതിഹാസ താരങ്ങള്‍ വ്യക്തിപരമായി മികച്ച താരങ്ങളായിരിക്കും. എന്നാല്‍ പലപ്പോഴും അവരുടെ മികവ് ടീമിനെ യാതൊരു തരത്തിലും സഹായിക്കില്ല. പാകിസ്താന്റെ ക്രിക്കറ്റ് ചരിത്രത്തെയും അതിന്റെ മഹത്വത്തെയും കുറിച്ച് പറയുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് ആദ്യമെത്തുന്ന പേര് ജാവേദ് മിയാന്‍ദാദിന്റേതാണ്. അദ്ദേഹത്തിന്റെ മഹത്വം ഇന്നും പറയപ്പെടുന്നതിന്റെ കാരണം, അദ്ദേഹം തനിക്കൊപ്പം സ്വന്തം ടീമിന്റെയും കളിനിലവാരം ഉയര്‍ത്തുമായിരുന്നു. നിങ്ങള്‍ മിയാന്‍ദാദുമായി ഒരു നീണ്ട കൂട്ടുകെട്ടില്‍ പങ്കാളിയാകുമ്പോള്‍ ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. അതിനൊപ്പം സ്വയം പ്രചോദിപ്പിക്കപ്പെടുകയും സ്വയം ഇനിയും മെച്ചപ്പെടണമെന്ന ചിന്ത കൈവരികയും ചെയ്യും. ഇതുതന്നെയാണ് കോലിയും ചെയ്യുന്നത്. നിങ്ങള്‍ കോലിക്ക് ചുറ്റും നോക്കൂ. ഓരോ താരവും അദ്ദേഹത്തിനൊപ്പം മെച്ചപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് കോലിക്ക് ഇതിഹാസമെന്ന ടാഗ് ലഭിക്കുന്നതും'', തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സൊഹൈല്‍ പറഞ്ഞു.
രണ്ടു പതിറ്റാണ്ടോളം ക്രിക്കറ്റ് മൈതാനങ്ങളില്‍ നിറഞ്ഞനിന്ന താരമാണ് മിയാന്‍ദാദ്. പാകിസ്താനായി 124 ടെസ്റ്റുകളും 233 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റില്‍ 52.57 ശരാശരിയില്‍ 8832 റണ്‍സും ഏകദിനത്തില്‍ 41.70 ശരാശരിയില്‍ 7381 റണ്‍സുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
Content Highlights: Virat Kohli compared with the legendary pakistan player Javed Miandad
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..